സഭാ കേസില്‍ ദീര്‍ഘനാളായി നിലനിന്നിരുന്ന വ്യവഹാരങ്ങള്‍ക്ക് അന്ത്യംകുറിച്ച് 2017 ജൂലൈ മൂന്നിന് സുപ്രീം കോടതി നിഋണായക അന്തിമ വിധി പ്രസ്താവിച്ചത് ഇദ്ദേഹത്തിന്റ ഭരണകാലത്താണ്. സുപ്രീം കോടതി വിധിയുടെയും സഭാഭരണഘടനയുടെയും അടിസ്ഥാനത്തില്‍ സഭയില്‍ ശാശ്വത സമാധാനം വേണമെന്ന് പരിശുദ്ധ ബാവ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. വ്യവഹാര രഹിതമായ മലങ്കരസഭ എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ആര്‍ദ്രതയും ദീനാനുകമ്പയും ലാളിത്യവും പ്രകൃതി സ്‌നേഹവും പരിശുദ്ധ ബാവായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശോഭ പകര്‍ന്നു. ആത്മീയ വെളിച്ചം പകരുന്ന അഞ്ച് ഈടുറ്റ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പള്ളിത്തർക്കങ്ങളിൽ സർക്കാരുകളെ വിമർശിക്കാനും നിലപാട് വ്യക്തമാക്കാനും ബാവ ഒരിക്കലും മടിച്ചില്ല.
തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്ന് ബിരുദവും, കോട്ടയം സിഎംഎസ് കോളജില്‍ നിന്നും ബിരുദാനന്ത ബിരുദവും, കോട്ടയം പഴയ സെമിനാരിയില്‍ നിന്ന് വൈദിക വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ അദ്ദേഹം 1972 ല്‍ ശെമ്മാശനായി. 1973 ല്‍ വൈദികനായി. 1982 ഡിസംബര്‍ 28 ന് തിരുവല്ലയില്‍ ചേര്‍ന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയും1985 മെയ് 15 ന് പൗലോസ് മാര്‍ മിലിത്തിയോസ് എന്ന പേരില്‍ എപ്പിസ്‌കോപ്പയായി സ്ഥാനാഭിഷിക്തനാവുകയും ചെയ്തു. 1985 ഓഗസ്റ്റ് ഒന്നിന് കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായി നിയമിതനായി. 2006 ഒക്ടോബര്‍ 12ന് പരുമലയില്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാര്‍ മിലിത്തിയോസിനെ നിയുക്ത കാതോലിക്കയായി തിരഞ്ഞെടുത്തു.
കുന്നംകുളം മങ്ങാട്ട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ കൊള്ളന്നൂര്‍ വീട്ടില്‍ കെ.ഐ ഐപ്പിന്റെയും കുഞ്ഞീറ്റിയുടെയും മകനായി 1946 ഓഗസ്റ്റ് 30 ന് ജനിച്ച കെ ഐ പോളാണ് പില്‍ക്കാലത്ത് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ആയി ഉയര്‍ന്നത്. പരേതനായ ആയ കെ ഐ തമ്പിയാണ് ഏകസഹോദരന്‍. എറണാകുളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സഹ വികാരിയായും കോട്ടയം, തിരുവനന്തപുരം മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സ്റ്റുഡന്റ്‌സ് സെന്ററുകളില്‍ അസിസ്റ്റന്റ് വാര്‍ഡനായും സ്റ്റുഡന്‍സ് ചാപ്ലയിനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.