ന്യൂഡൽഹി > കേരളത്തിലെ പാഠ്യപദ്ധതിക്കെതിരായ പാർലമെന്റിന്റെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി നീക്കം വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജൻഡ. ഗുജറാത്ത് അടക്കം ബിജെപി സംസ്ഥാനങ്ങളിലെല്ലാം സ്കൂൾ പാഠ്യപദ്ധതി നേരത്തേ കാവിവൽക്കരിച്ചിരുന്നു. ഇതിന് സമാനമായി കേരളത്തിലെ സ്കൂൾ പാഠ്യപദ്ധതിയും മാറ്റണമെന്നാണ് സ്റ്റാൻഡിങ് കമ്മിറ്റി മുമ്പാകെ വന്ന പബ്ലിക് പോളിസി റിസർച്ച് സെന്ററിന്റെ റിപ്പോർട്ടിലുള്ളത്.
പബ്ലിക് പോളിസി റിസർച്ച് സെന്ററാകട്ടെ സംഘപരിവാർ നിയന്ത്രണത്തിലുള്ള ശ്യാമപ്രസാദ് മുഖർജി സ്മൃതി ന്യാസിന് കീഴിലെ ഏജൻസിയാണ്. ഡൽഹിയിലെ മുതിർന്ന ബിജെപി നേതാവ് നന്ദകിഷോർ യാദവാണ് ന്യാസിന്റെ അധ്യക്ഷൻ.
നിലവിൽ പാഠ്യപദ്ധതി പരിഷ്കരിക്കുന്ന എൻസിഇആർടി മുമ്പാകെ കാവിവൽക്കരണത്തിനുള്ള പരമാവധി നിർദേശങ്ങൾ സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശകളെന്ന വ്യാജേന സമർപ്പിക്കലാണ് ലക്ഷ്യം.
ദേശീയതലത്തിൽ പാഠ്യപദ്ധതി അഴിച്ചുപണിത് കാവിവൽക്കരിക്കണമെന്ന നിലപാടുകാരനായ വിനയ് സഹസ്രബുദ്ധെയാണ് ബിജെപിക്കാരാൽ കുത്തിനിറയ്ക്കപ്പെട്ട പാർലമെന്റിന്റെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി തലവൻ. കേരളത്തിൽനിന്ന് ടി എൻ പ്രതാപനാണ് അംഗം. പാഠ്യപദ്ധതി കാവിവൽക്കരിക്കണമെന്ന നിർദേശം ഉയർന്നിട്ടും കേരളത്തിൽനിന്നുള്ള ഏക അംഗമായ പ്രതാപൻ എതിർപ്പുന്നയിച്ചിട്ടില്ല.
“ചരിത്രം തിരുത്തിയ’ ഗുജറാത്ത് മോഡൽ
ഗുജറാത്തിൽ മോഡി മുഖ്യമന്ത്രിയായിരിക്കെയാണ് പാഠ്യപദ്ധതി കാവിവൽക്കരിച്ചത്. 2014ൽ സംഘപരിവാർ ആശയങ്ങൾ കുട്ടികളിലെത്തിക്കാൻ ഒമ്പത് പുതിയ പുസ്തകങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കി. ഇതിൽ എട്ട് പുസ്തകവും തയ്യാറാക്കിയത് സംഘപരിവാറുകാരനായ ദീനാനാഥ് ബത്രയാണ്. എൻസിഇആർടി മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായതിനാൽ അധികവായനയ്ക്കെന്ന പേരിൽ ഇവ തിരുകിക്കയറ്റി.
ലോകത്ത് ആദ്യമായി വിമാനം പറന്നത് ശ്രീരാമന്റെ കാലത്താണ് എന്നതടക്കം യുക്തിക്ക് നിരക്കാത്തവ ഗുജറാത്തിലെ ചരിത്ര പുസ്തകത്തിലുണ്ട്. ബ്രാഹ്മണർക്കും ക്ഷത്രിയർക്കും സവർണസ്ഥാനംനൽകുന്ന വർണവ്യവസ്ഥയെയും ഗുജറാത്ത് പാഠ്യപദ്ധതി പുകഴ്ത്തുന്നു.