തിരുവനന്തപുരം: മരംമുറി വിവാദത്തിൽ ഉത്തരവിറക്കിയത് മന്ത്രിമാർ കൂടിയാലോചിച്ചശേഷം. റവന്യൂ-വനം മന്ത്രിമാർക്ക് പുറമേ ഉന്നത ഉദ്യോഗസ്ഥരും പലതവണ യോഗം ചേർന്നാണ് തീരുമാനമെടുത്തത്. 2018-ലെ സർവകക്ഷിയോഗത്തിന് ശേഷമാണ് മരംമുറിയുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതുസംബന്ധിച്ച തെളിവുകൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു.
കർഷകരുടെ ഭൂമിയിൽ കിളിർത്തുവന്നതും വെച്ചുപിടിപ്പിച്ചതുമായ മരങ്ങൾ മുറിക്കാനുളള അനുവാദം വേണമെന്നുളള ആവശ്യം കർഷക സംഘടനകളുടെ ഭാഗത്ത് നിന്നും മലയോര പ്രദേശങ്ങളിലെ എംഎൽഎമാരുടെ ഭാഗത്തും നിന്നും വിവിധ രാഷ്ട്രീയ കക്ഷികളുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. നിരവധി തവണ സബ്മിഷനായി ഈ വിഷയം നിയമസഭയിൽ വന്നതുമാണ്. തുടർന്നാണ് 2018-ൽ സർവകക്ഷിയോഗം വിളിച്ചത്. ആ യോഗത്തിന്റെ ആവശ്യപ്രകാരമാണ് പിന്നീട് ഈ ഉത്തരവിലേക്ക് പോയതെന്നാണ് നേരത്തേ മുൻ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞിരുന്നത്. എന്നാൽ ഈ ഉത്തരവിന്റെ മറവിൽ വൻ മരംകൊളളനടന്നതായാണ് ഉയർന്നിരിക്കുന്ന ആരോപണം.
എന്നാൽ മരംമുറിയുമായി ബന്ധപ്പെട്ട ഒരോ നീക്കങ്ങളിലും മന്ത്രിമാർക്ക് വ്യക്തമായ പങ്കുണ്ട് എന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ഒരു ഉദ്യോഗസ്ഥന്റെ മാത്രം പിഴവല്ല ഉത്തരവ് എന്നതിനുളള വ്യക്തമായ തെളിവ് നൽകുന്നതാണ് പുറത്തുവന്നിരിക്കുന്ന രേഖകൾ.
പലതവണ ഉന്നതതല യോഗം ചേർന്നിട്ടുണ്ട്. 2019 ജൂലായ് 19, ഓഗസ്റ്റ് മൂന്ന്, ഡിസംബർ അഞ്ച് എന്നീ തീയതികളിൽ യോഗം ചേർന്നിട്ടുണ്ട്. അതിനുശേഷം വനംവകുപ്പിന്റെ നിരവധി യോഗങ്ങൾ പിന്നീടും നടന്നിട്ടുണ്ട്. ഇതിൽ വ്യക്തത വരുത്തുകയും പാർട്ടിയുമായി ഇക്കാര്യം ചർച്ച ചെയ്യുകയുമുണ്ടായിട്ടുണ്ട്. എല്ലാം കഴിഞ്ഞാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
ഈ നടപടിക്രമങ്ങൾക്കെതിരേ ഇടപെടൽ നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കാൻ അധികാരമുണ്ടെന്നും ഈ ഉത്തരവിൽ പറയുന്നുണ്ട്. പ്രകൃതിവിഭവങ്ങളുമായും പരിസ്ഥിതിയുമായി ബന്ധപ്പെട്ടുളള തീരുമാനങ്ങളിൽ കർശന നിലപാട് സ്വീകരിക്കുന്ന സിപിഐയുടെ വകുപ്പുകളിലാണ് ഇത്തരത്തിൽ ഒരു ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
മരംമുറിയിൽ ബഹുമുഖ അന്വേഷണമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. വിജിലൻസിന്റെയും ക്രൈംബ്രാഞ്ചിന്റെയും ഫോറസ്റ്റിന്റെയും അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഗൂഢാലോചന അന്വേഷിക്കും, വിജിലൻസ് സാമ്പത്തിക തിരിമറികൾ അന്വേഷിക്കും, മരം കടത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സംഭവിച്ച വീഴ്ചകൾഫോറസ്റ്റ് അന്വേഷിക്കും. എന്നാൽ ഇതിലൊന്നും ഉത്തരവിന് പിറകിലെ ഗൂഢാലോചനയെ കുറിച്ചുളള അന്വേഷണം ഉണ്ടാകാൻ സാധ്യതയില്ല.