തിരുവനന്തപുരം> കണ്ണൂര്‍ കേളകത്ത് രണ്ടാനച്ഛന്റെ ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ് കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഒരു വയസുകാരിയുടെ ചികിത്സയും അനുബന്ധ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്. ആരോഗ്യ നില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.
ആവശ്യമെങ്കില്‍ കുട്ടിയുടെ സംരക്ഷണവും ഏറ്റെടുക്കുന്നതാണ്. കുട്ടിക്ക് മതിയായ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. എമര്‍ജന്‍സി മെഡിസിന്, ഓര്‍ത്തോപീഡിക്സ്, സര്‍ജറി, പീഡിയാട്രികിസ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്.
വീട്ടിനുള്ളിൽ മൂത്രമൊഴിച്ചതിനാണ് ഒരു വയസുള്ള പെൺകുഞ്ഞിനെ രണ്ടാനച്ഛൻ വിറകുകൊള്ളികൊണ്ട് അടിച്ചത്. സംഭവത്തിൽ രണ്ടാനച്ഛൻ കണ്ണൂർ പാലുകാച്ചി പുത്തൻവീട്ടിൽ രതീഷിനേയും കുട്ടിയുടെ അമ്മ രമ്യയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രമ്യയുടെ ആദ്യവിവാഹത്തിലെ മൂന്ന് കുട്ടികളിൽ ഇളയവളാണ് പരിക്കേറ്റ കുട്ടി. ഭർത്താവുമായി പിണങ്ങിയ രമ്യ മൂന്ന് മാസം മുമ്പാണ് രതീഷിനൊപ്പം താമസം തുടങ്ങിയത്.