ന്യൂഡൽഹി
ഇന്ത്യയുടെ തദ്ദേശീയ കോവിഡ് വാക്സിനായ കോവാക്സിന് അമേരിക്കയില് അടിയന്തര ഉപയോഗാനുമതി നിഷേധിച്ചു. പരീക്ഷണ വിശദാംശങ്ങളിലും ഫലപ്രാപ്തി വിവരങ്ങളിലും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) തൃപ്തരായില്ല.
പൂർണ അംഗീകാരത്തിനായി ബയോളജിക്സ് ലൈസൻസ് ആപ്ലിക്കേഷൻ (ബിഎൽഎ) സമർപ്പിക്കാൻ വാക്സിന് നിര്മാതാക്കളായ ഭാരത് ബയോടെക്കിന്റെ യുഎസ് പങ്കാളിയായ ഒക്യുജനിനോട് നിര്ദേശിച്ചു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരവും ലഭിച്ചിട്ടില്ലാത്തതിനാല് കോവാക്സിന് സ്വീകരിച്ചവർക്ക് യുഎസ് പ്രവേശനം സാധ്യമാകില്ല.
വാക്സിൻ ക്ഷാമം രൂക്ഷമായതിനാൽ മൂന്നാം ഘട്ടം പരീക്ഷണം പൂർത്തിയാകും മുമ്പേ മാര്ച്ചില് കോവാക്സിന് ഇന്ത്യ അടിയന്തര ഉപയോഗാനുമതി നൽകി. അമേരിക്കന് തീരുമാനം ഇന്ത്യയിലെ വാക്സിനേഷൻ പ്രക്രിയയെ ബാധിക്കില്ലെന്ന് നിതി ആയോഗ് അംഗം ഡോ. വി കെ പോൾ പറഞ്ഞു. സുരക്ഷയുടെ കാര്യത്തിൽ ആവശ്യത്തിന് രേഖകളുണ്ട്. ദിവസങ്ങൾക്കകം മൂന്നാം ഘട്ട പരീക്ഷണ വിവരം പുറത്തുവിടുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇതെല്ലാം ശാസ്ത്രീയ പരിഗണനകളാണ്. ശാസ്ത്രം കൂടുതൽ ശക്തമായ രാജ്യങ്ങളിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടാകാം. അവരുടെ തീരുമാനത്തെ മാനിക്കുന്നു.–- ഡോ. പോൾ പറഞ്ഞു.