തിരുവനന്തപുരം
സംസ്ഥാനത്ത് 3,87,591 വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം നേടിയെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതിൽ 1,92,811 പേർ സയൻസ് കോമ്പിനേഷനിലും 1,12,983 പേർ കൊമേഴ്സ് കോമ്പിനേഷനിലും 81,797 പേർ ഹ്യുമാനിറ്റീസ് കോമ്പിനേഷനിലുമാണ് പ്രവേശനം നേടിയത്. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും 25,742 മെറിറ്റ് സീറ്റുകൾ ഒഴിവുണ്ട്.
അധിക ബാച്ചുകൾ അനുവദിച്ച മലപ്പുറത്ത് 70,224 വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം നേടി. കാസർകോട് 17,025 പേർ പ്രവേശനം നേടി. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 26,444 പേർ പ്രവേശനം നേടി. ഹയർ സെക്കൻഡറി മേഖലയിൽ ഏറ്റവും കൂടുതൽ പ്രവേശനം നടന്നത് ഈ വർഷമാണ്. നിലവിൽ ശേഷിക്കുന്ന ഒഴിവുകളിൽ ആദ്യം ജില്ലാ, ജില്ലാന്തര സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫറും തുടർന്ന് അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് മെറിറ്റ് അധിഷ്ഠിത സ്പോട്ട് അഡ്മിഷനും അനുവദിക്കും. സ്പോട്ട് അഡ്മിഷന്റെ വിശദാംശങ്ങൾ അഞ്ചിനുശേഷം ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിൽ ലഭ്യമാകും. ഈ വർഷത്തെ പ്രവേശന നടപടികൾ ഒമ്പതിന് അവസാനിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.