ബംഗളുരു
മുഡ അഴിമതിക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് പ്രഖ്യാപിച്ച പദയാത്രയുടെ പേരിൽ കര്‍ണാടക എൻഡിഎയിൽ ഭിന്നത. ബംഗളൂരുവിൽ നിന്ന് മൈസൂരുവരെ പ്രഖ്യാപിച്ച പദയാത്രയിൽ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമി പറഞ്ഞു. റാലി കൊണ്ട് എന്താണ് നേട്ടം. മഴക്കെടുതിയിൽ തീരദേശ കര്‍ണാടകത്തിലും വടക്കൻ കര്‍ണാടകത്തിലും ആളുകള്‍ ദുരിതം അനുഭവിക്കുമ്പോള്‍ രാഷ്ട്രീയ റാലി നടത്തുന്നത് വിമര്‍ശത്തിന് കാരണമാകും. സിദ്ധരാമയ്യയെ ജെഡിഎസ് നിയമപരമായി നേരിടും. തന്നോട് ആലോചിക്കാതെ ഏകപക്ഷീയമായാണ് ബിജെപി പ്രതിഷേധ പദയാത്ര പ്രഖ്യാപിച്ചതെന്നും കുമാരസ്വാമി പറഞ്ഞു. മൈസൂരു അര്‍ബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഭൂമി കൈമാറ്റത്തിൽ സിദ്ധരാമയ്യക്കും ഭാര്യക്കുമെതിരായ ആരോപണത്തിൽ ആഗസ്റ്റ് 3 മുതൽ 10 വരെയാണ് ബിജെപി പദയാത്ര പ്രഖ്യാപിച്ചത്.