ന്യൂഡൽഹി
നിക്ഷേപങ്ങൾ ഇന്ത്യയിലേയ്ക്ക് ആകർഷിക്കാനുള്ള സാഹചര്യമാണ് രൂപംകൊണ്ടിട്ടുള്ളതെന്നും ഇത് ഉപയോഗപ്പെടുത്താനുള്ള നയം വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി ഭവൻ സാംസ്കാരിക കേന്ദ്രത്തിൽ നിതി ആയോഗ് ഗവേണിങ് കൗൺസിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളിൽ നിക്ഷേപസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കണം. ദാരിദ്ര്യം തുടച്ചുനീക്കി 2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം നേടാൻ സംസ്ഥാനങ്ങൾ സജീവ പങ്ക് വഹിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, എം കെ സ്റ്റാലിൻ(തമിഴ്നാട്), സിദ്ധരാമയ്യ(കർണാടക), രേവന്ത് റെഡ്ഡി(തെലങ്കാന), സുഖ്വീന്ദർ സിങ് സുഖു(ഹിമാചൽപ്രദേശ്), ഹേമന്ത് സോറൻ(ജാർഖണ്ഡ്), ഭഗവന്ത് സിങ് മൻ(പഞ്ചാബ്) എന്നിവർ കേന്ദ്രബജറ്റിൽ സംസ്ഥാനങ്ങളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിച്ചു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും എത്തിയില്ല. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.