കൊച്ചി
ഒരുവ്യാഴവട്ടത്തിന്റെ കാത്തിരിപ്പിന് വിരാമമായി, ഇനി അവർ സർവീസിലേക്ക്. തൃശൂർ ഇരിങ്ങാലക്കുട രൂപത വിദ്യാഭ്യാസ ഏജൻസിക്കുകീഴിൽ 2012 മുതൽ അംഗീകാരം ലഭിക്കാതെ ജോലി ചെയ്തിരുന്ന 105 യുപി സ്കൂൾ അധ്യാപകരുടെ നിയമന ഉത്തരവാണ് എറണാകുളത്ത് പൊതുവിദ്യാഭ്യാസവകുപ്പിന്റെ മധ്യമേഖലാ അദാലത്തിൽ നൽകിയത്. മന്ത്രി വി ശിവൻകുട്ടി നിയമന ഉത്തരവ് സ്ഥാപനത്തിന്റെ കോർപറേറ്റ് മാനേജർ ഫാ. സീജോ ഇരുമ്പന്‍ കൈമാറി. വ്യവസായമന്ത്രി പി രാജീവും ഒപ്പമുണ്ടായി.
2012ൽ സ്വർണ റാഫേൽ എന്ന അധ്യാപികയുടെ നിയമനം അംഗീകരിക്കാതിരുന്നതാണ് തുടർന്നുള്ളവയെയും ബാധിച്ചത്. മന്ത്രി പി രാജീവ് വിഷയം വിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ആറുമാസമായി പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ നടക്കുന്നു. സ്വർണയുടെ നിയമനത്തിന് പ്രത്യേക ഇളവ് നൽകി. ഇതോടെ ബാക്കിയുള്ളവരുടെ നിയമനങ്ങളും അംഗീകരിച്ചു. കടം വാങ്ങിയും കുടുംബാംഗങ്ങളുടെ സഹായത്താലും ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ട അവസ്ഥയിൽ വലിയ പ്രതീക്ഷയാണ് ഉത്തരവ് നൽകുന്നതെന്ന് അധ്യാപകരിലൊരാളായ എ ബി ബെനെക്സ് പറഞ്ഞു.
സർക്കാർ ഏറ്റെടുത്ത എയ്ഡഡ് സ്കൂളുകളുമായി ബന്ധപ്പെട്ട ഉത്തരവും ജീവനക്കാരിൽ പലർക്കും വർഷങ്ങളായി ലഭിക്കാതിരുന്ന നിയമന ഉത്തരവുകളും മന്ത്രി വി ശിവൻകുട്ടി കൈമാറി. ചേരാനല്ലൂർ ജിഎച്ച്എസിലെ പ്രൈമറി ആയയായി ജോലി ചെയ്യുന്ന സിജി ജോസിന്റെ ഓണറേറിയത്തിനുള്ള 2022ലെ അപേക്ഷ പരിഹരിച്ചു. പാലക്കാട് ചെറുപുഷ്പം ജിഎച്ച്എസ്എസിലെ സിസ്റ്റർ വി ജെ ഡേസിക്ക് ഏഴുവർഷം ശമ്പളം ലഭിക്കാതിരുന്നതിലുള്ള അപേക്ഷയും തീർപ്പായി.