കൊച്ചി
വലിയ തീപിടിത്തങ്ങളുണ്ടായാൽ അഗ്നി രക്ഷാസേനയ്ക്കൊപ്പം പോരാടാൻ ഇനി റോബോട്ടും. ജില്ലാ അഗ്നി രക്ഷാനിലയമായ ഗാന്ധിനഗർ ഫയർഫോഴ്സിലാണ് റോബോട്ട് ജോലിക്ക് പൂർണസജ്ജമായിട്ടുള്ളത്. സർക്കാർ വകുപ്പുകൾക്ക് പർച്ചേസ് നടത്തുന്നതിനുള്ള സംവിധാനമായ ഗവൺമെന്റ് ഇ–-മാർക്കറ്റ് പ്ലേസ് പോർട്ടലിലൂടെയാണ് രണ്ടുകോടി രൂപ വിലയുള്ള റോബോട്ടിനെ വാങ്ങിയത്. ഫ്രാൻസിൽ നിർമിച്ച ഇതിന് 600 ഡിഗ്രി ചൂടുവരെ താങ്ങാനാകും. മനുഷ്യന് കടന്നുചെല്ലാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ റോബോട്ടിക് ഫയർഫൈറ്ററെ ഉപയോഗിക്കാമെന്ന് ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാർ പറഞ്ഞു.
ഗോഡൗണുകളിൽ ഉണ്ടാകുന്ന തീപിടിത്തങ്ങൾ കൈകാര്യം ചെയ്യാൻ റോബോട്ടിനാകും. കനത്ത പുകയുള്ളപ്പോൾ പലപ്പോഴും ഗോഡൗണിനുള്ളിൽ കയറാൻ അഗ്നി രക്ഷാസേന ബുദ്ധിമുട്ടാറുണ്ട്. അത്തരം അവസരങ്ങളിൽ റോബോട്ടിനെ അകത്തുകയറ്റി തീപിടിത്തത്തിന്റെ വ്യാപ്തി അറിയാനാകും. അകത്ത് ആളുകൾ കുടുങ്ങിയിട്ടുണ്ടെങ്കിൽ അതും കണ്ടെത്താം. റോബോട്ടിന്റെ മുന്നിൽ ഘടിപ്പിച്ച കാമറയിലൂടെ അകത്തെ ദൃശ്യങ്ങൾ പുറത്തിരുന്ന് വീക്ഷിക്കാം. റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് നിയന്ത്രണം. യുദ്ധ ടാങ്കിന്റെ മാതൃകയിൽ റബർചക്രങ്ങളിലാണ് സഞ്ചാരം. 360 ഡിഗ്രിയിൽ കറങ്ങി വെള്ളം ചീറ്റി തീയണയ്ക്കാനുള്ള സംവിധാനവും ഇതിലുണ്ട്.
എൽപിജി, പെട്രോൾ, രാസവസ്തുക്കൾമൂലമുണ്ടാകുന്ന തീപിടിത്തങ്ങൾ നേരിടാനും പ്രാപ്തമാണ്. തീയുടെ തൊട്ടടുത്തുവരെ ചെന്ന് ദൃശ്യങ്ങൾ പകർത്താൻ സാധിക്കും. നിലവിൽ തിരുവനന്തപുരം ചാക്ക അഗ്നി രക്ഷാനിലയത്തിലാണ് ഇത്തരം റോബോട്ടിക് ഫയർഫൈറ്റർ സംവിധാനമുള്ളത്.