ന്യൂഡൽഹി
പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ 27ലെ നിതി ആയോഗ് യോഗം ബഹിഷ്കരിക്കും. കേന്ദ്രബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ചാണിത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പിന്നാലെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ബഹിഷ്കരിക്കാൻ തീരുമാനിച്ചു. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ അറിയിച്ചിട്ടുണ്ട്.
തമിഴ്നാടിനോടുള്ള കൊടിയ വഞ്ചനയാണ് ബജറ്റെന്ന് സ്റ്റാലിൻ പറഞ്ഞു. എംപിമാരുടെ സർവകക്ഷി സംഘം ഡൽഹിയിലെത്തി വിവരംധരിപ്പിച്ചിട്ടും കേന്ദ്ര ബജറ്റിൽ കർണാടകത്തെ പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കർഷകരുടെ ആവശ്യങ്ങളും അംഗീകരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ തത്വങ്ങൾ ലംഘിച്ചുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്നും ഇതിൽ പ്രതിഷേധിച്ച് തെലങ്കാന, ഹിമാചൽപ്രദേശ്, കർണാടക മുഖ്യമന്ത്രിമാർ നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.