ഇടുക്കി
മൺസൂൺമഴ ആരംഭിച്ച ശേഷം ഒരുദിവസംകൊണ്ട് ഇടുക്കിയിൽ ജലനിരപ്പ് മൂന്നരയടിയിലധികം വർധിച്ചു. ജലനിരപ്പ് 2345.60 അടിയിലെത്തി. നിലവിൽ സംഭരണിയിൽ ശേഷിയുടെ 42.16 ശതമാനമായി വെള്ളം. പദ്ധതിപ്രദേശത്ത് 171.8 മില്ലിമീറ്റർ മഴ പെയ്തു. ഈ വർഷം രേഖപ്പെടുത്തിയ ഉയർന്ന തോതിലുള്ള മഴയാണിത്.
മൂലമറ്റത്ത് വൈദ്യുതി ഉൽപ്പാദനം കുറച്ചു. ഇനിയും കനത്ത മഴപെയ്താൽ വൈദ്യുതോൽപ്പാദനം ഉയർത്തി വെള്ളം ഒഴുക്കിവിടും. ഇടുക്കി സംഭരണിയിലേക്ക് നീരൊഴുക്ക് കൂടുതൽ ശക്തമായിട്ടുണ്ട്. കല്ലാർകുട്ടി, മലങ്കര, ലോവർപെരിയാർ സംഭരണികളിലെ ഷട്ടർ ഉയർത്തി. വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഒറ്റദിവസം കൊണ്ട് രണ്ടര അടിയോളം ഉയർന്നു.
ചൊവ്വ രാവിലെ ആറിന് 123.30 അടിയെത്തി. വൈകിട്ടോടെ ജലനിരപ്പ് 124 അടി പിന്നിട്ടു.
മഴ കനത്തതോടെ പത്തനംതിട്ട ജില്ലയിലെ കക്കി, പമ്പ, മൂഴിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. മൂഴിയാർ അണക്കെട്ടിന്റെ രണ്ടാം ഗേറ്റ് അഞ്ച് സെന്റിമീറ്റർ തുറന്ന് ഒരു സെക്കൻഡിൽ 2.99 ക്യുബിക് മീറ്റർ വെള്ളം പുറത്തുവിട്ടു.