ന്യൂഡൽഹി
രാജ്യത്ത് തോട്ടിപ്പണി പൂർണമായും നിർത്തലാക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി സുപ്രീംകോടതി. അഴുക്കുചാലുകളും മറ്റും വൃത്തിയാക്കുന്നതിനിടെ മരിച്ചവർക്കുള്ള നഷ്ടപരിഹാരം 30 ലക്ഷമായി ഉയർത്തണമെന്നും ജസ്റ്റിസ് എസ് രവീന്ദ്രഭട്ട് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
സ്ഥായിയായ അംഗവൈകല്യമുണ്ടായാൽ 20 ലക്ഷവും മറ്റ് വൈകല്യങ്ങൾക്ക് 10 ലക്ഷവും നഷ്ടപരിഹാരം നൽകണം. 1993 മുതൽ ഓടകളും സെപ്റ്റിക്ക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് 2014ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് നഷ്ടപരിഹാരത്തുക വർധിപ്പിച്ചുള്ള ഉത്തരവ്.
പൗരർക്ക് എല്ലാത്തരത്തിലും തുല്യത ഉറപ്പാക്കണമെന്ന ഭരണഘടനാ സൃഷ്ടാക്കളുടെ സ്വപ്നം സാക്ഷാൽക്കരിക്കണമെങ്കിൽ തോട്ടിപ്പണിപോലുള്ളവ പൂർണമായി നിരോധിക്കണം. 2013ലെ മാനുവൽ സ്കാവഞ്ചേഴ്സ് പ്രൊഹിബിഷൻ ആൻഡ് റീഹാബിലിറ്റേഷൻ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കാൻ സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ട്–- കോടതി പറഞ്ഞു.