തിരുവനന്തപുരം > പലസ്തീനിലെ സംഭവവികാസങ്ങളിൽ നമ്മുടെ മുന്നിലെത്തുന്ന പലതും പച്ചക്കള്ളങ്ങളാണെന്നും രാജ്യം മനുഷ്യരുടെ ചോരയിൽ മുങ്ങിമരിക്കുകയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധിനിവേശ ശക്തികൾക്കെതിരെ ലോകത്തൊരിടത്തും സമാധാനപരമായ സമരങ്ങൾ നടന്നിട്ടില്ല. ഉള്ള ശക്തിയും ആയുധങ്ങളും ഉപയോഗിച്ച് ചെറുത്തുനിൽക്കുകയാണ്. നിർഭാഗ്യവശാൽ ഇന്ത്യ ഇസ്രയേലിനോടൊപ്പം നിൽക്കാനാണ് ഇപ്പോഴത്തെ തീരുമാനം. പലസ്തീൻ അറബികൾക്ക് അവകാശപ്പെട്ടതാണെന്ന ഗാന്ധിജിയുടെ വാക്കുകൾ ഇന്ത്യയുടെ നയം കൂടിയായിരുന്നെന്നും സ്വരാജ് പറഞ്ഞു.
കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് സന്തോഷ് ജി നായർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എ എസ് സജിത്ഖാൻ, സിൻഡിക്കറ്റംഗം ജെ എസ് ഷിജൂഖാൻ, സെനറ്റംഗം ഡി എൻ അജയ്, യൂണിയൻ വൈസ് പ്രസിഡന്റ് പി ബി സുമ എന്നിവർ സംസാരിച്ചു.