കൊച്ചി > കർണ്ണാടകത്തിലെ ബി ജെപി – ജനതാദൾ (എസ്) സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവുണ്ടെന്ന ദേവഗൗഡയുടെ പ്രസ്താവന അസത്യവും ശുദ്ധ അസംബന്ധവുമാണെന്ന് ജെഡിഎസ് ദേശീയ സെക്രട്ടറി ജോസ് തെറ്റയിൽ പറഞ്ഞു.
ബിജെപി യുമായി ബന്ധമുണ്ടാക്കുന്നത് ദേശീയ സമ്പൂർണ്ണ സമ്മേളനം അംഗീകരിച്ച കോൺഗ്രസ്സിതര, ബിജെപി വിരുദ്ധ രാഷ്ട്രീയ നിലപാടിനെതിരാണെന്നും അതിനെതിരായ ദേവഗൗഡയുടെ തീരുമാനം കേരള സംസ്ഥാന നിർവാഹക സമിതി അവഗണിക്കുന്നുവെന്നും നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യത്തിൽ ഇപ്പോൾ പിണറായി വിജയന്റെ പേര് വലിച്ചിഴക്കുന്നത് ദുരുദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തെറ്റയിൽ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ – ആശയ നിലപാടുകളിൽ തികഞ്ഞ വ്യക്തത പുലർത്തുന്ന പിണറായി വിജയൻ ഇത്തരത്തിൽ സംസാരിക്കുമെന്ന് ആരും തന്നെ കരുതുന്നില്ല. ‘ഇത് വിശ്വസിയ്ക്കുകയില്ലെന്ന് മാത്രമല്ല അത്തരം ഒരു സംസാരമോ, കൂടിക്കാഴ്ചയോ ഗൗഡയുമായി നടന്നിട്ടില്ലായെന്നിരിക്കെ ഈ പ്രസ്താവന ദേവഗൗഡയെക്കൊണ്ട് പറയിപ്പിച്ചതാവാം എന്ന് കരുതേണ്ടിയിരിക്കുന്നു – ജോസ് തെറ്റയിൽ പറഞ്ഞു.