തിരുവനന്തപുരം > ജനനായകൻ വി എസ് അച്യുതാനന്ദന്റെ ജീവിതകഥ അദ്ദേഹത്തിന്റെ നൂറാം പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ പ്രകാശനം ചെയ്തു. സംവിധായകൻ ഷാജി എൻ കരുൺ പുസ്തകം ഏറ്റുവാങ്ങി. ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രചയിതാവ് കെ വി സുധാകരനാണ്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ചരിത്രം മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ വിഎസിന്റെ ജീവിതത്തെ അടയാളപ്പെടുത്തുകയാണ് ഈ പുസ്തകമെന്ന് പ്രകാശനച്ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ വന്നിട്ടുള്ള പുസ്തകങ്ങൾ അത്തരത്തിൽ ആയിരുന്നില്ലെന്നും, അവയെല്ലാം വിഎസിനെ ചില പ്രത്യേക തലത്തിൽ പ്രതിഷ്ഠിച്ചു നോക്കിക്കാണാനാണ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എട്ടു ദശാബ്ദകാലം സജീവമായാണ് വി എസ് പൊതുപ്രവർത്തനരംഗത്ത് ഉണ്ടായിരുന്നത്. 96-ാം വയസ്സിൽ അപ്രതീക്ഷിതമായാണ് ചില ശാരീരിക പ്രശ്നങ്ങൾ ഉണ്ടായത്. തുടർന്ന് ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു. ഇതിന് മുൻപുള്ള പുസ്തകങ്ങളിൽ വി എസിനെ പാർട്ടിയിൽ നിന്ന് അടർത്തി മാറ്റി പ്രത്യേക രീതിയിൽ കാണിക്കാനായിരുന്നു ശ്രമം. ഈ പുസ്തകത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ചരിത്ര മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ വിഎസിന്റെ ജീവിതത്തെ അടയാളപ്പെടുത്തുകയാണ്, പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.