കൊച്ചി > 79-ാമത് ഫാദർ ബാർത്തലോമിയോ മെമ്മോറിയൽ ഇന്റർ കോളേജിയേറ്റ് ടൂർണമെന്റിൽ വോളിബോൾ വനിതാ വിഭാഗത്തിൽ ഇരിങ്ങാലക്കുട സെന്റ്. ജോസഫ് കോളേജും പുരുഷ വിഭാഗത്തിൽ തേവര സേക്രഡ് ഹാർട്ട് കോളേജും ജേതാക്കളായി. തേവര സേക്രഡ് കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പുരുഷ – വനിതാ ഫൈനൽ മത്സരങ്ങളിൽ പാലാ അൽഫോൻസാ കോളേജിനെ 3-2 സെറ്റുകൾക്ക് സെന്റ് ജോസഫ് ഇരിങ്ങാലക്കുടയും, കോഴിക്കോട് ദേവഗിരി കോളേജിനെ 3-1 സെറ്റുകൾക്ക് എസ് എച്ച് കോളേജ് തേവരയും തോൽപ്പിച്ചു.
വനിതാ വിഭാഗത്തിൽ ജേതാക്കളായ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് ടീം
വിജയികൾക്ക് ടി ജെ വിനോദ് എം എൽ എ ട്രോഫികൾ സമ്മാനിച്ചു. കോളേജ് മാനേജർ റവ. ഫാദർ വർഗീസ് കാച്ചപ്പള്ളി, കോളേജ് പ്രിൻസിപ്പൽ റവ. ഫാദർ ജോസ് ജോൺ, സ്പോർട്സ് കോർഡിനേറ്റർ ഫാദർ സെബാസ്റ്റ്യൻ ജോൺ, ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ഡോ. സന്ദീപ് സണ്ണി എന്നിവർ സംസാരിച്ചു.
കേരളത്തിലെ ഏറ്റവും പഴക്കമേറിയ ടൂർണമെന്റുകളിൽ ഒന്നായ ബാർത്തലോമിയോ ടൂർണമെന്റിൽ ഇത്തവണ വോളി ബോൾ (പുരുഷ, വനിതാ വിഭാഗം), ബാസ്കറ്റ് ബോൾ (പുരുഷ, വനിതാ വിഭാഗം), ഹാൻഡ്ബോൾ (പുരുഷ, വനിതാ വിഭാഗം), ബോൾ ബാറ്റ്മിന്റൺ (പുരുഷ വിഭാഗം) ഇനങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ബാസ്കറ്റ് ബോൾ, ഹാൻഡ്ബോൾ ഇനങ്ങൾ സൗത്ത് ഇന്ത്യ ലെവലിലും വോളിബോൾ, ബോൾ ബാറ്റ്മിന്റൺ ഓൾ കേരള തലത്തിലുമാണ് സംഘടിപ്പിക്കുന്നത്. ഒക്ടോബർ 16ന് തുടങ്ങിയ ടൂർണമെന്റ് നവംബർ 4 ന് സമാപിക്കും.