ന്യൂഡൽഹി> ഹൈദരാബാദിലെ ഇഫ്ളു (ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്ഗ്വേജസ് യൂണിവേഴ്സിറ്റി) കാമ്പസിൽ ലൈംഗിക അതിക്രമം നേരിട്ട വിദ്യാർഥിനിക്ക് നീതി ഉറപ്പ് വരുത്തണമെന്ന് വി ശിവദാസൻ എംപി ആവശ്യപ്പെട്ടു. ഒക്ടോബർ 18ന് രാത്രി വിദ്യാർഥിനിയെ രണ്ട് പേർ ആക്രമിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ഇത്രയും ഗുരുതര സംഭവം ഉണ്ടായിട്ടും, കേന്ദ്ര സർവകലാശാല അധികൃതർ സത്വര നടപടി കൈക്കൊണ്ടില്ല ഈ നിഷ്ക്രിയത്വം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കാമ്പസിലെ ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി നിയമപരമായി ഉണ്ടാകേണ്ട ഇന്റേണൽ കമ്മിറ്റി ആവശ്യപ്പെട്ട് വിദ്യാർഥി പ്രതിഷേധം തുടരവെയാണ് ഈ സംഭവം. ഈ പ്രതിഷേധത്തിൽ അതിജീവിതയുടെ പങ്കാളിത്തം അക്രമികൾ പരാമർശിച്ചതായും റിപ്പോർട്ടുണ്ട്. ഇഫ്ലുവിലെ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമീഷൻ ചെയർമാൻ രേഖാ ശർമയ്ക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും വി ശിവദാസൻ കത്ത് നൽകി.