തിരുവനന്തപുരം > തെരഞ്ഞെടുപ്പിൽ പിആർ ഏജന്റുമാരുടെ സേവനം ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് ഇനിയും പി ആർ സഹായം തേടിയെന്നിരിക്കുമെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എഐസിസി രൂപീകരിച്ച, കെ സി വേണുഗോപാലടക്കമുള്ള ടാസ്ക്ഫോഴ്സിൽ അംഗമാണ് സുനിൽ കനഗോലു. പി ആർ ഏജൻസിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന അദ്ദേഹത്തെ കെപിസിസി യോഗത്തിലേക്ക് വിളിക്കുന്നതിൽ യാതൊരു തെറ്റുമില്ല. കനഗോലുവിനെ ചർച്ചയിൽ പങ്കെടുപ്പിക്കുന്നത് തങ്ങളുടെ ഇഷ്ടമാണ്. ഇന്ത്യയിൽ ഏത് രാഷ്ട്രീയ പാർട്ടിയാണ് പി ആർ ഏജൻസിയുടെ സഹായം തേടാത്തത്. മഹാമാരിയുടെ കാലത്ത് പി ആർ ഏജൻസി നൽകിയ ക്യാപ്സ്യൂൾ ആയിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
വന്ദേഭാരത് ട്രെയിനുകൾ വന്നതോടെ തിരുവനന്തപുരത്ത് നിന്ന് രണ്ടര മണിക്കൂറിൽ എറണാകുളത്തെത്താം. വന്ദേഭാരതിനായി മറ്റ് ട്രെയിനുകൾ വൈകുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ അത് കുറച്ചൊക്കെ വ്യത്യാസം വരുമെന്നും അതിൽ കാര്യമില്ലെന്നുമായിരുന്നു സതീശന്റെ മറുപടി. സർക്കാരിനെതിരെ 18ന് രാവിലെ ആറ് മുതൽ യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധിക്കുമെന്നും സതീശൻ പറഞ്ഞു.