ദുബായ് > ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ ടെക് ഇവന്റായ ജൈറ്റെക്സ് ഗ്ലോബലിന്റെ പവർഹൗസ് സ്റ്റാർട്ട്-അപ്പ് ഷോ “എക്സ്പ്പാന്റ് നോർത്ത് സ്റ്റാർ” ശ്രദ്ധേയമാകുന്നു. ദുബായിൽ നാല് ദിവസം നീണ്ട് നിൽക്കുന്ന കോൺഫറൻസിൽ 100-ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് 1,800-ലധികം സ്റ്റാർട്ടപ്പുകളാണുള്ളത്. ആഗോള തലത്തിലെ പ്രമുഖരുമായി യുവാക്കൾക്ക് ബന്ധപ്പെടാനും ചർച്ചകൾ നടത്താനും അനുഭവങ്ങൾ പങ്കിടാനും കോൺഫെറൻസിലൂടെ സാധിക്കും .
ഒക്ടോബർ 18 വരെ ദുബായ് ഹാർബറിലാണ് കോൺഫറൻസ് നടക്കുന്നത്. ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കണോമി ആണ് സംഘാടകർ. ദുബായ് ഉപപ്രധാനമന്ത്രിയും യുഎഇ ധനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
ലോകത്തെ മുൻനിര ഡിജിറ്റൽ സമ്പദ്വ്യവസ്ഥകളിലൊന്നായി ദുബായിയെ മാറ്റാനുള്ള യുഎഇ നേതാക്കളുടെ കാഴ്ചപ്പാടാണ് എക്സ്പാൻഡ് നോർത്ത് സ്റ്റാർ 2023 പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു .
ലോകത്തെ പ്രമുഖ ഡിജിറ്റൽ വിദഗ്ധരിൽ 250 പേരുടെ ലിസ്റ്റും ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 1000-ലധികം നിക്ഷേപകരും പങ്കെടുക്കും.