അഹ്മദാബാദ് > ലോകകപ്പിലെ ആവേശകരമായ പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ 191 റണ്ണിന് പുറത്ത്. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം തെറ്റി എന്ന് തോന്നിപ്പിക്കുന്നതായിരുന്നു പാകിസ്ഥാന്റെ തുടക്കം. എന്നാൽ മധ്യ ഓവറുകളിൽ ബൗളർമാർ പിടിമുറുക്കിയതോടെ പാകിസ്ഥാൻ തകർന്നടിഞ്ഞു.
ഓപ്പണര്മാര് നല്കിയ ഭേദപ്പെട്ട തുടക്കവും പിന്നീട് പ്രതീക്ഷ നല്കിയ ബാബര് അസം – മുഹമ്മദ് റിസ്വാന് കൂട്ടുകെട്ടും മാത്രമാണ് പാകിസ്താന് ആകെ ആശ്വസിക്കാനുണ്ടായിരുന്നത്. രണ്ട് വെല്ലുവിളിയും മറികടന്ന ഇന്ത്യ ചിരവൈരികളെ 191 റണ്സില് തളച്ചു. ഒരുഘട്ടത്തിൽ 2ന് 155 എന്ന നിലയിലായിരുന്ന പാക്കിസ്ഥാൻ 42.5 ഓവറിൽ 191ന് എല്ലാവരും പുറത്തായി. അർധ സെഞ്ചറി നേടിയ പാക്ക് ക്യാപ്റ്റൻ ബാബർ അസമാണ് (50) അവരുടെ ടോപ് സ്കോറർ. തുടർച്ചയായ ഓവറുകളിൽ വിക്കറ്റു നേടിയ കുൽദീപ് യാദവും ജസ്പ്രീത് ബുമ്രയുമാണ് പാക്ക് ബാറ്റിങ് നിരയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചത്.