ഗാസ
ഇസ്രയേലിന്റെ പൂർണ ഉപരോധവും ഒഴിപ്പിക്കൽ ഭീഷണിയും ഗാസയെ മനുഷ്യപട്ടടയാക്കുമെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഏജൻസികൾ. മരുന്നും ചികിത്സോപകരണങ്ങളും വൈദ്യുതിയും ഇല്ലാത്തത് അടിയന്തര ശസ്ത്രക്രിയകൾപോലും മുടക്കുന്നു. കുടിവെള്ളവും വെളിച്ചവുമില്ലാതെ 50,000 ഗർഭിണികൾ ഉൾപ്പെടെ പ്രതിസന്ധിയിലാണ്. ഇതിനു പുറമെ ഒഴിപ്പിക്കൽ ഭീഷണികൂടിയാകുമ്പോൾ ഗാസ നരകതുല്യമാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയും മുന്നറിയിപ്പു നൽകി. ഇതിൽ 5500 പൂർണഗർഭിണികളുണ്ട്. ഭക്ഷണം, വെള്ളം, തുടങ്ങി ജീവൻ നിലനിർത്താൻ ആവശ്യമായ ഘടകങ്ങൾപോലും ലഭിക്കാത്ത സ്ഥിതിയാണെന്ന് ഐക്യരാഷ്ട്ര സംഘടനാ വക്താവ് സ്റ്റീഫൻ ദുജാറിക് പറഞ്ഞു. അടിയന്തര അഭയകേന്ദ്രങ്ങളിലടക്കം ജലപ്രതിസന്ധി വഷളാകുകയാണ്. തൽസ്ഥിതി തുടർന്നാൽ ഭക്ഷണവും വെള്ളവും കിട്ടാതെ ആയിരങ്ങൾ മരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഇസ്രയേൽ ബോംബാക്രമണം ഗാസയിലെ ആരോഗ്യസംവിധാനത്തെ തകർക്കുന്നതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ഇവിടങ്ങളിൽ അടിയന്തര ഇടപെടൽ വേണം. ഗാസയിൽ ആകെയുള്ള 30 ആശുപത്രികളിലും മൃതദേഹങ്ങൾ കുമിഞ്ഞുകിടക്കുകയാണ്. ഇവ കൃത്യമായി സൂക്ഷിക്കാനോ സംസ്കരിക്കാനോ മാർമില്ലാത്തതും വരുംദിനങ്ങളിൽ സാഹചര്യങ്ങൾ കൂടുതൽ ദുഷ്കരമാക്കും. മരുന്ന് ഉൾപ്പെടെയുള്ള അടിയന്തരവസ്തുക്കളുടെ ക്ഷാമവും ആശുപത്രികളുടെ പ്രവർത്തനം നിലയ്ക്കുന്നതിന് വഴിവയ്ക്കും. 34 ആരോഗ്യകേന്ദ്രം ആക്രമിക്കപ്പെട്ടു. 11 ആരോഗ്യപ്രവര്ത്തകർ കൊല്ലപ്പെട്ടു. ജലവിതരണ സംവിധാനങ്ങളാകെ തകരാറിലാണ്. യുഎന്നിന്റെ 18 സ്കൂളുകൾ ഉൾപ്പെടെ 88 വിദ്യാഭ്യാസ സ്ഥാപനങ്ങൾ തകർത്തു. പലതും അഭയാർഥി ക്യാമ്പുകളായി പ്രവർത്തിക്കവെയായിരുന്നു ആക്രമണം.
ബന്ദികളെ പൂർണമായി മോചിപ്പിക്കാതെ ഇവിടേക്ക് അവശ്യവസ്തുക്കൾപോലും കടത്തിവിടില്ലെന്ന് ഇസ്രയേൽ ആവർത്തിച്ചു. എന്നാൽ, മനഃപൂർവമായി പട്ടിണി സൃഷ്ടിക്കുന്നത് മനുഷ്യരാശിക്ക് എതിരായ കുറ്റകൃത്യമാണെന്ന് യു എൻ പറഞ്ഞു.