ഗാസ
ഇസ്രയേൽ ആക്രമണത്തിന് നടുവിൽ മരണം മുന്നിൽക്കണ്ട് ഗാസയിൽ തിങ്ങിപ്പാർക്കുന്ന 23 ലക്ഷത്തിൽപ്പരം ജനങ്ങൾ. തുടർച്ചയായ അഞ്ചാംദിവസവും ഉപരോധവും ആക്രമണവും ഇസ്രയേൽ കടുപ്പിച്ചു. ഡീസൽ തീർന്നതോടെ മേഖലയിലെ ഏക വൈദ്യുത നിലയത്തിന്റെ പ്രവർത്തനം നിലച്ചു. ഇതോടെ, ആശുപത്രികളുടെയടക്കം പ്രവർത്തനം മുടങ്ങി. ഏഴ് യുഎൻ ആശുപത്രിയിലടക്കം മരുന്നുകൾ തീർന്നിട്ട് ദിവസങ്ങളായി. വൈദ്യുതികൂടി മുടങ്ങിയതോടെ ജനങ്ങൾ മരണമുഖത്തായി. ഗാസ പൂർണമായും ഇരുട്ടിൽ.
ചില ആശുപത്രികളിൽമാത്രം രണ്ടു ദിവസത്തേക്കുള്ള അടിയന്തര സേവന ജനറേറ്ററുകൾ ഉണ്ട്. ജലസേചനം, ലിഫ്റ്റുകൾ, മൊബൈൽ ഫോണുകൾ, ടവറുകൾ എല്ലാം നിലച്ചു. വ്യാഴാഴ്ചയോടെ പുറംലോകവുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കപ്പെടും. ഈ സാഹചര്യത്തിൽ ഇസ്രയേൽ കരയുദ്ധംകൂടി തുടങ്ങിയാൽ രക്ഷപ്പെടാൻ ഒരുമാർഗവും പലസ്തീൻ ജനതയ്ക്ക് മുന്നിലില്ല.
ആക്രമിക്കപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്രസമൂഹം ഇടപെടണമെന്ന് അൽ ഷിഫ ആശുപത്രിയിലെ ജീവനക്കാർ അഭ്യർഥിച്ചു. പലസ്തീൻ റെഡ് ക്രെസന്റിന്റെ നാലു പ്രവർത്തകർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ മൂന്നുപേർ സഞ്ചരിച്ച ആംബുലൻസിനെ തിരഞ്ഞുപിടിച്ച് വ്യോമാക്രമണം നടത്തുകയായിരുന്നു. ഒമ്പത് യുഎൻ ജീവനക്കാരും കൊല്ലപ്പെട്ടു.
ശനിമുതൽ തുടരുന്ന ഏറ്റുമുട്ടലിൽ 1055 പലസ്തീൻകാരും 1200 ഇസ്രയേൽകാരും കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. സാധാരണക്കാർക്ക് രക്ഷപ്പെടാൻ മാനവിക ഇടനാഴി ഉറപ്പാക്കണമെന്ന് യു എൻ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച ഇസ്രയേലിൽ എത്തുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇതു സംബന്ധിച്ച ചർച്ച നടത്തുമെന്നാണ് വിവരം.
ഇസ്രയേൽ കരയുദ്ധത്തിലേക്ക്
അമേരിക്കയിൽനിന്നുള്ള ആയുധസന്നാഹങ്ങളും എത്തിയതോടെ ഇസ്രയേൽ ഏതുനിമിഷവും ഗാസയിലേക്ക് കടന്നുകയറി കരയുദ്ധം തുടങ്ങുമെന്ന സ്ഥിതി. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്സും ചേർന്ന് യുദ്ധസർക്കാർ രൂപീകരിച്ചു.
കരയുദ്ധമുണ്ടാകുമെന്ന് വ്യക്തമാക്കിയ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ഗാസയ്ക്ക് പൂർവസ്ഥിതിയിലേക്ക് തിരിച്ചുപോക്ക് ഉണ്ടാകില്ലെന്ന ഭീഷണിയും മുഴക്കി. ഗാസ മുനമ്പിനുചുറ്റും നിലയുറപ്പിച്ചിരിക്കുന്ന ഇസ്രയേൽ സൈന്യം ഏതുനിമിഷവും കടന്നുകയറാമെന്ന് അമേരിക്കയുടെ മുൻ സ്ഥാനപതി വില്യം റോബക്ക് പറഞ്ഞു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യാഴാഴ്ച ഇസ്രയേലിൽ എത്തും. നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി തുടർനീക്കം ആസൂത്രണം ചെയ്യും. യുകെ വിദേശ സെക്രട്ടറി ജെയിംസ് ക്ലെവർലി ഇസ്രയേലിൽ എത്തി.
യുദ്ധാവസാനത്തോടെ ഹമാസിന് സൈനികശേഷി ഉണ്ടാവില്ലെന്ന സൈനിക വക്താവിന്റെ ഏറ്റവും ഒടുവിലത്തെ പ്രഖ്യാപനം ഗാസയിലേക്ക് കടന്നുകയറ്റം ഉണ്ടാകുമെന്നതിന്റെ സ്ഥിരീകരണമായി.