ന്യൂഡൽഹി> ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ സെഞ്ചുറിയുമായി ക്യാപ്റ്റൻ രോഹിത് ശർമ (131) തിളങ്ങിയപ്പോൾ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം. അഫ്ഗാന് ഉയർത്തിയ 273 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 35 ഓവറിൽ മറികടന്നു. മത്സരം ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചു.
ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം നേടിയ കളിയിൽ രോഹിത് ഒരുപിടി റെക്കോർഡുകളും തന്റെ പേരിലാക്കി. ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ താരവും ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറ് നേടുന്ന താരവുമായി ഹിറ്റ്മാൻ മാറി. 19 ഇന്നിങ്സിലാണ് രോഹിത് തന്റെ ഏഴാംലോകകപ്പ് സെഞ്ചുറി തികച്ചത്. ആറ് സെഞ്ചുറികളുള്ള സച്ചിനെയാണ് താരം മറികടന്നത്. ക്രിസ് ഗെയ്ലിന്റെ പേരിലുള്ള 553 സിക്സുകളെന്ന റെക്കോഡാണ് താരം മറികടന്നത്. ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിലുമായി 555 സിക്സുകളാണ് രോഹിത്തിന്റെ പേരിലുള്ളത്.
കളിയിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് അഫ്ഗാന് തുടക്കം പാളി. എന്നാൽ മധ്യനിര ബാറ്റർമാർ തിളങ്ങിയതോടെ സ്കോർ 272ലെത്തി. ക്യാപ്റ്റൻ ഹഷ്മത്തുല്ല ഷാഹിദി (88 പന്തിൽ 80), അസ്മത്തുല്ല ഒമര്‍സായ് (69 പന്തിൽ 62) എന്നിവരുടെ അർധ സെഞ്ചറിയുടെ ബലത്തിലാണ് അഫ്ഗാനിസ്ഥാന് മികച്ച ടോട്ടൽ പടുത്തുയർത്തിയത്. 50 ഓവറിൽ 8 വിക്കറ്റു നഷ്ടത്തിൽ 272 റൺസാണ് അവർ അടിച്ചുകൂട്ടിയത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര 4 വിക്കറ്റു നേടി.
ഗംഭീര തുടക്കമാണ് രോഹിത് – കിഷന് സഖ്യം ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 156 റണ്‍സ് കൂട്ടിചേര്‍ത്തു. ഇന്ത്യയ്ക്കായി വിരാട് കോലി (പുറത്താവാതെ 55), ഇഷാന് കിഷന് (47) നിര്‍ണായ പിന്തുണ നല്കി.