ന്യൂഡൽഹി> സിഎജി റിപ്പോർട്ടിൽ പുറത്തായ കേന്ദ്ര പദ്ധതികളിലെ അഴിമതിയിലും ക്രമക്കേടിലും സമാധാനം പറയേണ്ടതിന് പകരം കേന്ദ്രസർക്കാർ റിപ്പോർട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥരെ കേന്ദ്രസർക്കാർ സ്ഥലം മാറ്റുന്നുവെന്ന് വിമർശിച്ച് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
ചട്ടപ്രകാരം പാർലമെന്റിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടുകളിൽ സർക്കാർ ഉത്തരം പറയേണ്ടതാണ്. അതിന് പകരം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു. മോദി സർക്കാരിന്റേത് ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്ന നയമാണ്. ദ്വാരക എക്സ്പ്രസ് വേ, ഭാരത് മാല, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികളിൽ നടന്ന കുംഭകോണത്തിൽ മോദി മറുപടി പറയണം– എക്സിൽ യെച്ചൂരി കുറ്റപ്പെടുത്തി.
അതേസമയം അഴിമതി പുറത്തുകൊണ്ടുവന്ന സിഎജി ഉദ്യോഗസ്ഥരെ കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തുകയാണെന്ന് വിമർശിച്ച കോൺഗ്രസ് സ്ഥലംമാറ്റ ഉത്തരവ് റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടു. രഹസ്യാത്മകമായ നിശ്ശബ്ദതയുടെയും ഭീഷണിയുടെയും മറവിൽ മോദി സർക്കാർ മാഫിയ ശൈലിയിലാണ് പ്രവർത്തിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ പാർടി വക്താവ് ജയ്റാം രമേശ്, വൻ അഴിമതികൾ തുറന്നുകാട്ടിയ മൂന്ന് ഉദ്യോഗസ്ഥരാണ് ഏറ്റവും പുതിയ ഇരകളന്നും എക്സിൽ പ്രതികരിച്ചു.