തിരുവനന്തപുരം
കായികതാരങ്ങളെ അവഗണിക്കുന്നുവെന്ന രീതിയിൽ ചില മാധ്യമങ്ങൾ സംസ്ഥാന സർക്കാരിനെതിരെ പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിത ആരോപണങ്ങൾ. കായികതാരങ്ങൾക്ക് സർക്കാർ ജോലിയും പാരിതോഷികവും നൽകുന്നതിൽ രാജ്യത്ത് മുൻനിരയിലുള്ള സംസ്ഥാനമാണ് കേരളം. ഏഴുവർഷത്തിനിടെ 649 താരങ്ങൾക്ക് സ്പോർട്സ് ക്വോട്ടയിൽ നിയമനംനൽകി. 250 താരങ്ങൾക്കുകൂടി നിയമനം നൽകാനുള്ള നടപടി അന്തിമഘട്ടത്തിലാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാർ 110 പേരെ മാത്രമാണ് നിയമിച്ചത്.
2015ലെ ദേശീയ ഗെയിംസിൽ മെഡൽ നേടിയ മുഴുവൻ കേരള താരങ്ങൾക്കും സന്തോഷ് ട്രോഫി ജേതാക്കളായ ടീമിലെ എല്ലാവർക്കും ജോലിനൽകി. ശ്രദ്ധേയമായ കായിക മത്സരങ്ങളിൽ മെഡൽ നേടിയവർക്കെല്ലാം അർഹമായ പാരിതോഷികവും നൽകുന്നു. ഒളിമ്പിക് മെഡൽ നേടിയ പി ആർ ശ്രീജേഷിന് രണ്ടുകോടി രൂപയും ജോലിയിൽ സ്ഥാനക്കയറ്റവും നൽകി. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയവർക്ക് 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്ന ക്രമത്തിലായിരുന്നു പാതിതോഷികം.
2022 കോമൺവെൽത്ത് ഗെയിംസിലും 20 ലക്ഷം, 10 ലക്ഷം എന്നിങ്ങനെ തുക നൽകി. ചെസ് ഒളിമ്പ്യാഡിൽ നേട്ടം കൈവരിച്ച നിഹാൽ സരിന് 10 ലക്ഷവും എസ് എൽ നാരായണന് അഞ്ചുലക്ഷവും നൽകി. പരിശീലനത്തിനായി കഴിഞ്ഞ രണ്ടരവർഷത്തിനിടെ 40 ലക്ഷം രൂപയോളം അനുവദിച്ചു. ഏഷ്യൻ ഗെയിംസിൽ മലയാളി താരങ്ങൾക്ക് മികച്ച പ്രകടനം നടത്താനായത് സംസ്ഥാനത്തിന്റെ പിന്തുണകൊണ്ടാണ്. തിരുവനന്തപുരം എൽഎൻസിപിഇയിലായിരുന്നു അത്ലറ്റിക്സ് താരങ്ങളുടെ പരിശീലനം.
സ്വർണമെഡൽ ജേതാക്കളായ അജ്മൽ, അനസ് എന്നിവരടങ്ങുന്ന സംഘം മടങ്ങിയെത്തിയപ്പോൾ സംസ്ഥാന സ്പോട്സ് കൗൺസിൽ പ്രസിഡന്റും മറ്റുദ്യോഗസ്ഥരും ചേർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരണവുംനൽകി. ഫോണിൽ ലഭ്യമായ മുഴുവൻ മെഡൽ ജേതാക്കളെയും മന്ത്രി വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു.