തിരുവനന്തപുരം
നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കുന്ന ഗവർണറുടെ നടപടിക്കെതിരെ സംസ്ഥാന സർക്കാർ ഈ ആഴ്ച സുപ്രീംകോടതിയെ സമീപിച്ചേക്കും. ഇതിനായി മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാലിന്റെ സഹായം തേടാൻ തീരുമാനിച്ചിരുന്നു. മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാന്റെ അഭിപ്രായവും തേടി. 2021 നവംബർ 12ന് പാസാക്കിയ സർവകലാശാല ബിൽ ഉൾപ്പെടെ എട്ട് ബില്ലാണ് ഒപ്പിടാനുള്ളത്.
നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർമാർ തീരുമാനം അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി പറഞ്ഞിരുന്നു. പശ്ചിമ ബംഗാൾ സർവകലാശാല നിയമങ്ങൾ (ഭേദഗതി) ബില്ലിൽ തീരുമാനം വൈകിക്കുന്ന ഗവർണർ സി വി ആനന്ദബോസിന്റെ നിലപാടാണ് കോടതി ചോദ്യം ചെയ്തത്.