ടെൽ അവീവ്
ഗാസ വിഷയം ഇത്രയും സങ്കീർണമാക്കിയതിൽ ഇസ്രയേലിലെ ബെന്യാമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സർക്കാരിന്റെ പങ്ക് തുറന്നുപറഞ്ഞ് ഇസ്രയേൽ പത്രം ഹാരെറ്റ്സ്. യുദ്ധവും അതിലേക്ക് നയിച്ച സംഭവവികാസങ്ങളും ചരിത്ര പശ്ചാത്തലത്തിൽ വിശകലനം ചെയ്താണ് രാജ്യത്തെ മൂന്നാമത്തെ പ്രചാരമേറിയ പത്രം സർക്കാരിനെതിരെ വിരൽചൂണ്ടുന്നത്. യുദ്ധം തുടങ്ങുന്നതിനുമുമ്പുതന്നെ, സർക്കാർ പിന്തുണയോടെ ജൂത കുടിയേറ്റക്കാർ പലസ്തീൻകാർക്കെതിരെ നടത്തുന്ന വർണവിവേചനത്തിനെതിരെ തുടർച്ചയായി എഴുതിയിരുന്ന പത്രം, ‘ഇസ്രയേൽ–- ഗാസ യുദ്ധത്തിന്റെ ഉത്തരവാദിത്വം നെതന്യാഹുവിന്’ എന്ന മുഖപ്രസംഗത്തോടെയാണ് ഞായറാഴ്ച വായനക്കാരിലേക്ക് എത്തിയത്.
‘സിംചത് തോറ അവധിക്കാലത്ത് ഇസ്രയേലിലുണ്ടായ ദുരന്തത്തിന് ഒരു ഉത്തരവാദിയേയുള്ളൂ–- ബെന്യാമിൻ നെതന്യാഹു. കടുത്ത വംശീയത പറയുന്ന ബസലേല്‍ സ്മോട്രിച്ചിനെയും ഇറ്റാമര്‍ ബെന്‍-ഗ്വീറിനെയും പ്രധാനസ്ഥാനങ്ങളിൽ നിയമിച്ച് പിടിച്ചെടുക്കലിന്റെയും പുറത്താക്കലിന്റെയും സർക്കാർ സ്ഥാപിച്ചു. അതേസമയം, ഇസ്രയേൽ ബോധപൂർവം എത്തിപ്പെടുന്ന അപകടങ്ങൾ തിരിച്ചറിയുന്നതിൽ പൂർണമായും പരാജയപ്പെടുകയും ചെയ്തു’–- മുഖപ്രസംഗത്തിൽ പറയുന്നു.
ഇസ്രയേൽ സൈന്യവും സർക്കാരും ശത്രുവിനെയും അവരുടെ ആക്രമണാത്മക സൈനികശേഷിയെയും പുച്ഛിച്ചെന്നും പത്രം വിമർശിക്കുന്നു. ‘വരുംദിനങ്ങളിൽ സൈനിക–- രഹസ്യാന്വേഷണ പരാജയത്തിന്റെ കാരണങ്ങളെപ്പറ്റി ചോദ്യമുയരും. പ്രതിസന്ധിയുടെ മൊത്തത്തിലുള്ള ഉത്തരവാദിത്വത്തിൽനിന്ന് വിദേശ, സൈനിക കാര്യങ്ങളുടെ ആകെ ചുമതലയുള്ള നെതന്യാഹുവിന് മാറിനിൽക്കാനാകില്ല. യുദ്ധങ്ങളിലും മറ്റും ഇസ്രയേലിന്റെ ഭാഗത്ത് നഷ്ടം ഒഴിവാക്കിയ നേതാവായാണ് മുമ്പ് നെതന്യാഹു സ്വയം വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ വിജയത്തോടെ അദ്ദേഹം ഈ ജാഗ്രത വലിച്ചെറിഞ്ഞ് ‘പൂർണ വലത് സർക്കാർ’ എന്ന നയത്തിലേക്ക് മാറി. ഹെബ്രോൺ കുന്നുകളിലും ജോർദാൻ താഴ്വരയിലുമുൾപ്പെടെ വംശീയ ഉന്മൂലനം പ്രോത്സാഹിപ്പിക്കുന്ന നടപടികളെടുത്തു. വെസ്റ്റ് ബാങ്ക് പൂർണമായും പിടിച്ചെടുക്കാൻ നീക്കമാരംഭിച്ചു. അൽ അഖ്സ മസിജിദിനു സമീപം ജൂതസാന്നിധ്യം ശക്തിപ്പെടുത്തി. ഇതോടെയാണ് ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയത്.
അഴിമതിക്കേസുകളിൽ പ്രതിയായ പ്രധാനമന്ത്രിക്ക് രാഷ്ട്രകാര്യങ്ങളിൽ പൂർണശ്രദ്ധ സാധ്യമല്ല. ശിക്ഷയിൽനിന്ന് രക്ഷപ്പെടുക എന്നത് രാജ്യതാൽപ്പര്യത്തേക്കാൾ പ്രധാനമായി മാറി. നിയമസംവിധാനത്തെ അട്ടിമറിക്കുന്നു. രാഷ്ട്രീയ എതിരാളികളായി കണക്കാക്കുന്ന ഉന്നത സൈനിക–- രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ദുർബലപ്പെടുത്തുന്നതിനും നീക്കം നടത്തുന്നു. ഇതെല്ലാം മുതലാക്കിയാണ് ഹമാസിന്റെ ആക്രമണം. ഫലത്തിൽ, നെതന്യാഹു വിലയ്ക്കു വാങ്ങിയ യുദ്ധത്തിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുന്നത് പടിഞ്ഞാറൻ നെഗേവിലെ അധിനിവേശത്തിന്റെ ഇരകളാണ്’–- മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.