വെള്ളൂർ
കെപിപിഎല്ലിൽ തീപിടിത്തം മൂലമുണ്ടായ കേടുപാടുകൾ അടിയന്തരമായി പരിഹരിച്ച് എത്രയും പെട്ടെന്ന് ഉൽപാദനം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ്. കമ്പനി സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കമ്പനി എത്രയും വേഗം തുറന്നുപ്രവർത്തിക്കുകയെന്നത് പ്രധാനമാണ്. ദീർഘകാലം അടഞ്ഞുകിടന്നാൽ വിപണിയിൽ തിരിച്ചടിയുണ്ടാകും. അതിനുള്ള അടിയന്തര ശ്രമമാണ് നടത്തുന്നത്. തീപിടിത്തം സംബന്ധിച്ച റിപ്പോർട്ട് ലഭിച്ചശേഷം സുരക്ഷാകാര്യങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ ചെയ്യും. പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള കേന്ദ്രസർക്കാരിന്റെ തെറ്റായ സമീപനം മൂലം മൂന്ന് വർഷത്തിലധികം അടഞ്ഞുകിടന്ന കമ്പനി സംസ്ഥാന സർക്കാർ ഏറ്റെടുത്ത ശേഷം പുനരുജ്ജീവന പാതയിലായിരുന്നു. ഈ ഓണക്കാലത്തും കെപിപിഎല്ലിന് സംസ്ഥാന സർക്കാർ കോടിക്കണക്കിന് രൂപ അനുവദിച്ചിരുന്നു.
തീപിടിക്കുന്നതിന് രണ്ടുദിവസം മുമ്പ് രണ്ട് മന്ത്രിതല യോഗങ്ങളും കെപിപിഎല്ലുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു. അഗ്നിബാധയുടെ തൊട്ടടുത്ത ദിവസങ്ങളിൽ വന്ന വാർത്തകളിൽ പറയുന്നത്ര നഷ്ടം സംഭവിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. ഇൻഷുറൻസ് തുകയേക്കാൾ അധികമായി വരുന്ന പണം കണ്ടെത്താൻ സംസ്ഥാന സർക്കാർ കൂടി ഇടപെടുമെന്ന് മന്ത്രി പറഞ്ഞു.
ജീവനക്കാരുമായും കമ്പനി ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രി ആശയവിനിമയം നടത്തി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷും ഒപ്പമുണ്ടായിരുന്നു.