വെള്ളൂർ
കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡിലെ(കെപിപിഎൽ) തീപിടിത്തത്തിൽ വിദഗ്ധസമിതി അന്വേഷണം തുടങ്ങി. പാലാ ആർഡിഒ പി ജി രാജേന്ദ്രബാബുവിന്റെ നേതൃത്വത്തിൽ സമിതിയംഗങ്ങൾ കമ്പനിയിലെത്തി തീപിടിച്ച ഭാഗങ്ങൾ പരിശോധിച്ചു. കമ്പനി അധികൃതരുമായും ആശയവിനിമയം നടത്തി.അന്വേഷണം എത്രയുംവേഗം പൂർത്തിയാക്കി 30ന് മുമ്പ് റിപ്പോർട്ട് നൽകുമെന്ന് ആർഡിഒ പറഞ്ഞു. പൊലീസിന്റെ അന്വേഷണ റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാ ഫലവും ലഭിക്കേണ്ടതുണ്ട്.
സമിതി അംഗങ്ങൾ തങ്ങളുടെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി പരിശോധിച്ച് റിപ്പോർട്ട് നൽകും. തുടർന്ന് സമിതി യോഗം ചേർന്ന് വിശദമായ വിലയിരുത്തലിന് ശേഷം കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും ആർഡിഒ പി ജി രാജേന്ദ്രബാബു പറഞ്ഞു.
ആർഡിഒയ്ക്ക് പുറമെ സമിതി അംഗങ്ങളായ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇൻസ്പെക്ടർ പി ജിജു, വൈക്കം എഎസ്പി നകുൽ ദേശ്മുഖ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഡെപ്യൂട്ടി ഇൻസ്പെക്ടർ വി എം ബീന, ജില്ലാ ഫയർ ഓഫീസർ റെജി വി കുര്യാക്കോസ്, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ വി സി ജെമിലി എന്നിവരാണ് പരിശോധന നടത്തിയത്.
കമ്പനി എത്രയും വേഗം തുറക്കാൻ സൗകര്യമൊരുക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. തീപിടിച്ച ഭാഗങ്ങളിൽ പ്രവേശിച്ച് നാശനഷ്ടം വിലയിരുത്താൻ അനുവദിക്കണമെന്നും താൽക്കാലിക വൈദ്യുതി കണക്ഷൻ അനുവദിക്കാൻ നടപടി എടുക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.