തിരുവനന്തപുരം
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണമുന്നയിച്ച് സർക്കാരിനെ അഴിമതി നിഴലിൽ നിർത്താൻ കെട്ടിച്ചമച്ച കള്ളക്കഥകൾ പൊളിഞ്ഞുവീഴുമ്പോൾ അന്വേഷണം രാഷ്ട്രീയ, മാധ്യമ ഗൂഢാലോചനയിലേക്കും. വ്യക്തിവിദ്വേഷം മുൻനിർത്തിയല്ല മലപ്പുറം സ്വദേശി ഹരിദാസ് ആരോപണമുന്നയിച്ചതെന്ന് വ്യക്തമായതോടെയാണ് ആരോപണത്തിനുപിന്നിലെ ഗൂഢാലോചന പൊലീസ് പരിശോധിക്കുന്നത്.
ആയുഷ് മിഷനിൽ ഡോക്ടർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സ്റ്റാഫ് അംഗത്തിന് ഒരു ലക്ഷം രൂപ കൈക്കൂലി നൽകിയെന്നായിരുന്നു ഹരിദാസൻ റിപ്പോർട്ടർ ചാനലിൽ ആരോപണമുന്നയിച്ചത്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെ കേസിന്റെ ഗതിമാറി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ഹരിദാസൻ പണം നൽകിയിട്ടില്ലെന്ന് വ്യക്തമായി.
ഹരിദാസൻ ഏപ്രിൽ 10, 11 തീയതികളിൽ തിരുവനന്തപുരത്തുണ്ടായിരുന്നു എന്നതൊഴികെ എല്ലാം കള്ളമാണെന്ന് തെളിഞ്ഞു. ഇതിനാവശ്യമായ ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് ഹരിദാസനെ വീണ്ടും ചോദ്യംചെയ്യാൻ പൊലീസ് വിളിപ്പിച്ചത്. അടുത്ത ദിവസത്തെ ചോദ്യംചെയ്യലിനുശേഷം ഹരിദാസന്റെ രഹസ്യമൊഴിയെടുക്കും.
ബാസിതിനെയും അഖിൽ സജീവനെയും വിശ്വസിച്ചാണ് ഹരിദാസൻ പണം നൽകിയത്. പിന്നീട് മന്ത്രിയുടെ ഓഫീസിനെ കൂട്ടിച്ചേർത്ത് ആരോപണം ഉന്നയിച്ചതിനുപിന്നിലെ കാരണം ഹരിദാസൻ വ്യക്തമാക്കിയിട്ടില്ല. അഡ്വ. നൗഫലിന്റെയും ബാസിതിന്റെയും നിർദേശപ്രകാരം ചുട്ടെടുത്ത നുണയാണ് ഹരിദാസൻ മാധ്യമങ്ങൾക്ക് വിളമ്പിയത്.
ഇതുവരെ നേരിൽകാണാത്ത, സംസാരിക്കാത്ത അഖിൽ മാത്യുവിനെതിരെ ആരോപണമുന്നയിച്ചത് സർക്കാരിനെതിരായ ഗൂഢാലോചനയാണ്. പിന്നിൽ രാഷ്ട്രീയ താൽപ്പര്യങ്ങളുണ്ടെന്നാണ് നിഗമനം. അഖിൽ സജീവനെയും ബാസിതിനെയും ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തിൽ ചിത്രം തെളിയും.