ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപിക്ക് തിരിച്ചടിയെന്ന് എബിപി–- സീവോട്ടർ അഭിപ്രായസർവേ ഫലം. മിസോറമിൽ തൂക്കുസഭയ്ക്കാണ് സാധ്യത. തെലങ്കാനയിൽ ബിആർഎസും- കോൺഗ്രസും തമ്മിൽ കടുത്ത മത്സരം പ്രവചിക്കുമ്പോൾ രാജസ്ഥാനിൽ ബിജെപി മേൽക്കൈ നേടുമെന്നും പ്രവചിക്കുന്നു.
ഇരുനൂറ്റിമുപ്പത് സീറ്റുള്ള മധ്യപ്രദേശിൽ 113 മുതൽ 125 വരെ സീറ്റ് കോൺഗ്രസിന് ലഭിക്കാം. ബിജെപിക്ക് 104 മുതൽ 116 വരെ സീറ്റ് പ്രവചിക്കപ്പെടുന്നു. 90 സീറ്റുള്ള ഛത്തീസ്ഗഢിൽ കോൺഗ്രസിന് 45– -51 സീറ്റും ബിജെപിക്ക് 39– -45 സീറ്റുമാണ് പ്രവചനം. മറ്റ് പാർടികൾക്ക് രണ്ടു സീറ്റ് വരെ ലഭിക്കാം.
നൂറ്റിപത്തൊമ്പത് സീറ്റുള്ള തെലങ്കാനയിൽ കോൺഗ്രസിന് 48–- 60 സീറ്റാണ് പ്രവചിക്കുന്നത്. ബിആർഎസിന് 43–-55 സീറ്റും ബിജെപിക്ക് 5–- 11 സീറ്റും ലഭിക്കാം. മറ്റ് പാർടികൾ അഞ്ചുമുതൽ 11 സീറ്റുവരെ നേടാം. 40 സീറ്റുള്ള മിസോറമിൽ ഭരണകക്ഷിയായ എംഎൻഎഫ് 13–-17 സീറ്റും കോൺഗ്രസ് 10–-14 സീറ്റും നേടാം. ആറുകക്ഷികളുടെ സഖ്യമായ സോറം പീപ്പിൾസ് മൂവ്മെന്റിന് (ഇസഡ്പിഎം) ഒമ്പതുമുതൽ 13 വരെ സീറ്റും മറ്റ് പാർടികൾക്ക് ഒന്നുമുതൽ മൂന്നുവരെ സീറ്റും സർവേ നൽകുന്നു.
ഇരുനൂറ് സീറ്റുള്ള രാജസ്ഥാനിൽ ബിജെപി 127 മുതൽ 137 സീറ്റ് നേടും. കോൺഗ്രസിന് 59– -69 സീറ്റും മറ്റുള്ളവർക്ക് 2–-6 സീറ്റും സീവോട്ടർ പ്രവചിക്കുന്നു.
അതേസമയം, രാജസ്ഥാനില് ബിജെപിയുടെ ആദ്യപട്ടികയിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ഉൾപ്പെട്ടില്ല. എന്നാൽ, മധ്യപ്രദേശിലെ നാലാമത്തെ പട്ടികയിൽ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനെ ഉൾപ്പെടുത്തി. സ്ഥിരം മണ്ഡലമായ ബുദ്നിയിൽനിന്ന് വീണ്ടും ജനവിധി തേടും. രാജസ്ഥാനിലെ ആദ്യ പട്ടികയിൽ ഏഴ് എംപിമാരുണ്ട്.