തിരുവനന്തപുരം > തിരുവനന്തപുരത്ത് ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം സ്ഥിരീകരിച്ചത്. കന്നുകാലിയിൽ നിന്ന് രോഗം പകർന്നുവെന്നാണ് കരുതപ്പെടുന്നത്. അസുഖം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കന്നുകാലികളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകരാറുള്ളത്.
പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങള്‍. ലക്ഷണങ്ങളെ തുടർന്ന് ആദ്യം മകനാണ് ചികിത്സ തേടിയത്. തുടർന്ന് അച്ഛനും രോഗം സ്ഥിരീകരിച്ചു. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില ഗുരുതരമല്ല. കുറച്ച് ആഴ്ചകള്‍ കൊണ്ട് ബ്രൂസെല്ലോസിസ് ഭേദമാകാറുണ്ട്. സംസ്ഥാനത്ത് മുമ്പും ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചിരുന്നു.