സൂർ(ഒമാൻ) > മലയാളം മിഷൻ ഒമാൻ ചാപ്റ്റർ അദ്ധ്യാപിക ആൻസി മനോജിൻറെ കഥാസമാഹാരം ‘തെരിയൊഷ്ചെക്ക’ ഈ വരുന്ന ഒക്ടോബർ 6 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് പ്രകാശനം ചെയ്യും. സൂർ കേരള സ്കൂളിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ വിൽസൻ ജോർജ്, സൂർ കലാ-സാംസ്കാരിക വേദി പ്രസിഡണ്ട് നാസർ സാകിക്ക് പുസ്തകം നൽകി പ്രകാശനം നിർവഹിക്കും. സൂർ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡണ്ട് ഹസ്ബുള്ള മദാരി ചടങ്ങിൽ അദ്ധ്യക്ഷനാകും.
ഇരുപത്തിയഞ്ചു വർഷമായി ഒമാനിൽ പ്രവാസ ജീവിതം നയിക്കുന്ന ആൻസി ടീച്ചർ, പത്തുവർഷത്തോളം സൂറിലെ കേരളാസ്കൂൾ മേധാവി ആയി പ്രവർത്തിച്ചിട്ടുണ്ട്. പതിനേഴു കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റേഡിയോ മലയാളം പ്രോജക്ട് ഹെഡും, പ്രമുഖ സാഹിത്യകാരനുമായ ജേക്കബ് എബ്രഹാമാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. മലയാളം മിഷൻ ഒമാൻ ചാപ്റ്ററിലെ സൂര്യകാന്തി കുട്ടികളാണ് ഇതിലെ കഥകൾക്ക് ചിത്രഭാഷ്യം നൽകിയിരിക്കുന്നത്. മധുരം ബുക്ക്സ് ആണ് പ്രസാധകർ.