മസ്കറ്റ് > ജിസിസി ആരോഗ്യ മന്ത്രിമാരുടെ സമിതിയുടെ ഒൻപതാമത് യോഗത്തിനും ജിസിസി- യെമൻ ആരോഗ്യ മന്ത്രിമാരുടെ കൗൺസിലിന്റെ 86-ാമത് ജനറൽ കോൺഫറൻസിനും ഒമാനിൽ തുടക്കമായി.
ജിസിസി ആരോഗ്യ മന്ത്രിമാരുടെ സമിതി യോഗത്തിന്റെ ഉദ്ഘാടന പരിപാടിയിൽ ആരോഗ്യമന്ത്രി ഡോ. ഹിലാൽ അലി അൽ സാബ്തി പ്രതിനിധികളെ സ്വാഗതം ചെയ്തു. ആരോഗ്യമേഖലയിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജിസിസി രാഷ്ട്രങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ് സമ്മേളനം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ സാങ്കേതിക വിദ്യകളുടെ പുരോഗതിക്കൊപ്പം ആരോഗ്യ സേവനങ്ങൾ മികച്ച നിലവാരത്തിലേക്ക് മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുള്ള സംയുക്ത പ്രവർത്തങ്ങളെക്കുറിച്ചുള്ള ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
2015 ഡിസംബറിൽ റിയാദിൽ നടന്ന 36-ാമത് ജിസിസി സുപ്രീം കൗൺസിലിന്റെ തീരുമാനങ്ങളുടെ ഫലമായി കൈവരിച്ച നേട്ടങ്ങളെ സംബന്ധിച്ചും ആരോഗ്യ രംഗത്ത് ജിസിസി രാഷ്ട്രങ്ങൾക്കിടയിൽ യോജിച്ച പ്രവർത്തനം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും സമ്മേളനം ചർച്ച ചെയ്യുമെന്ന് ഡോ. അൽ സബ്തി കൂട്ടിച്ചേർത്തു. ജിസിസി രാജ്യങ്ങളിലെ വിവിധ ആശുപത്രികളിൽ ടെലിമെഡിസിൻ ക്ലിനിക്കുകളും മറ്റു വിവിധ സ്പെഷ്യലിറ്റികളും വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും സമ്മേളനം ചർച്ച ചെയ്യുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
എല്ലാവരുടെയും ആരോഗ്യകരമായ ജീവിതവും ക്ഷേമവും ഉറപ്പാക്കിക്കൊണ്ട് സാർവത്രിക ആരോഗ്യ പരിരക്ഷ നേടാനുള്ള ശ്രമങ്ങൾ തുടരുമെന്ന് സമ്മേളനത്തിൽ പങ്കെടുത്ത ജിസിസി സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽ ബുദൈവി പറഞ്ഞു.
ജിസിസി ആരോഗ്യ മന്ത്രിമാരുടെ സമിതിയുടെ ഒൻപതാമത് സമ്മേളനം യോഗത്തിന്റെ ഔദ്യോഗിക അജണ്ട അംഗീകരിക്കുകയും ആരോഗ്യ അണ്ടർസെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി സമർപ്പിച്ച കരട് പ്രമേയങ്ങൾ അംഗീകരിക്കുകയും ചെയ്തു. എല്ലാ വർഷവും മാർച്ച് 2 ലോകാരോഗ്യ രക്തസാക്ഷി ദിനമായി അംഗീകരിക്കുന്നതിനുള്ള സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം യോഗം അവലോകനം ചെയ്തു.
ആരോഗ്യരംഗത്ത് ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിനെ സംബന്ധിച്ചും വിദഗ്ധ ചികിത്സകൾ കുറഞ്ഞ ചിലവിൽ ഗൾഫ് രാജ്യങ്ങൾക്കുള്ളിൽ തന്നെ ലഭ്യമാക്കുന്നതിനായി പ്രത്യേക ആരോഗ്യ കേന്ദ്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒമാന്റെ നിർദ്ദേശം സമ്മേളനം ചർച്ച ചെയ്യുകയുണ്ടായി. ഇത്തരം പ്രത്യേക കേന്ദ്രങ്ങളിൽ കോർണിയൽ ട്രാൻസ്പ്ലാൻറേഷൻ, റെറ്റിന ചികിത്സാ , കോക്ലിയർ ഇംപ്ലാന്റേഷൻ , അവയവ കൈമാറ്റം, ട്രാൻസ്പ്ലാൻറേഷൻ , ജോയിന്റ് റീപ്ലേസ്മെന്റ് സെന്ററുകൾ, കാൻസർ സെന്ററുകൾ, ഡയഗ്നോസ്റ്റിക്, തെറാപ്പിക് ഇന്റർവെൻഷൻ സെന്ററുകൾ (ഇന്റർവെൻഷൻ മെഡിസിൻ), തലച്ചോറ്, ഹൃദ്രോഗ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ജിസിസി ആരോഗ്യ മന്ത്രിമാരുടെ സമിതിയുടെ 9-ാമത് യോഗത്തിന് ശേഷം, ജിസിസി – യെമൻ ആരോഗ്യ മന്ത്രിമാരുടെ കൗൺസിലിന്റെ യോഗവും നടന്നു.