തിരുവനന്തപുരം> ഓർമകളുടെ വേലിയേറ്റമുണ്ട് ‘സ്വപ്നാടന’ത്തിലെ നായകനിൽ. കെ ജി ജോർജ് സംവിധാനം ചെയ്ത ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സ്വപ്നാടനത്തിൽ ഡോ. ഗോപിയായി വേഷമിട്ടത് ഡോ. മോഹൻദാസാണ്. കണ്ണമ്മൂലയിലെ വീട്ടിൽ അദ്ദേഹമുണ്ട്.
‘1974 ൽ ആണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. അരവിന്ദന്റെ ‘ഉത്തരായനം’ കഴിഞ്ഞതിന് ശേഷമാണ് കെ ജി ജോർജും നിർമാതാവ് മുഹമ്മദ് ബാപ്പുവും സമീപിച്ചത്. അന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ട്യൂട്ടറായി ജോലി ചെയ്യുമ്പോഴാണ് സിനിമയിൽ അഭിനയിക്കുന്നത്. ആനയറയിലും മദ്രാസിലുമായിരുന്നു സിനിമയുടെ ചിത്രീകരണം. ഞാനും ജോർജും സമപ്രായക്കാരാണ്. സംവിധായകൻ എന്നതിന് ഉപരിയായി ചിത്രീകരണസമയത്ത് സൗഹാർദപരമായാണ് അദ്ദേഹം ഇടപെട്ടത്. ദേഷ്യപ്പെടുകയില്ല.
എല്ലാംവിശദാംശങ്ങളോടെ പറഞ്ഞു തരും. രാമചന്ദ്ര ബാബുവായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകൻ. തന്റെ മേഖലയുമായി ബന്ധപ്പെട്ട കഥയാണ്. ഷൂട്ടിങ് ലോക്കേഷനിലെ സന്തോഷകരമായ ദിവസങ്ങളായിരുന്നു അത്.’ തോപ്പിൽ ഭാസിയുടെ യുദ്ധകാണ്ഡത്തിലും മധുവിന്റെ കൈതപ്പൂ എന്ന രണ്ടുചിത്രത്തിലും മാത്രമാണ് പിന്നീട് മോഹൻദാസ് അഭിനയിച്ചിരുന്നത്.
സർവീസിൽനിന്ന് വിരമിച്ചശേഷം വിദേശരാജ്യങ്ങളിൽ ജോലിക്ക് പോയി. നാട്ടിൽ വരുമ്പോഴൊക്കെ പഴയ ബന്ധങ്ങൾ പുതുക്കി. അതിനിടയിൽ കൊച്ചിയിൽ പോയി ജോർജിനെ കണ്ടു. ഓർമകൾക്ക് പരിക്കുകൾ പറ്റിത്തുടങ്ങിയിരുന്നു. ‘എങ്കിലും ഊഷ്മളതയോടെയായിരുന്നു ആ സംസാരം അവസാനിച്ചത്’.ഡോക്ടർ പറഞ്ഞു. സൈക്കോ മുഹമ്മദിന്റെ പലായനം എന്നകഥയാണ് സിനിമയാക്കിയത്. റാണി ചന്ദ്രയായിരുന്നു നായിക. പമ്മനായിരുന്നു തിരക്കഥാകൃത്ത്. 1975 ൽ പുറത്തിറങ്ങിയ ‘സ്വപ്നാടന’ത്തിന് സംസ്ഥാന ദേശീയപുരസ്കാരങ്ങൾ ലഭിച്ചിരുന്നു.