കൊച്ചി
മലയാള സിനിമയ്ക്ക് പുതിയ ഭാവതലങ്ങള് സമ്മാനിച്ച് കാലത്തിനുമുമ്പേ സഞ്ചരിച്ച ചലച്ചിത്രപ്രതിഭ കെ ജി ജോർജ് (78) വിടവാങ്ങി. കാക്കനാട്ടെ വയോജനകേന്ദ്രത്തിൽ ഞായർ രാവിലെ പത്തേകാലിനാണ് അന്ത്യം. സംസ്കാരം ചൊവ്വ വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തിൽ. ചലച്ചിത്ര പിന്നണിഗായിക സെൽമ ജോർജാണ് ഭാര്യ. മക്കൾ: പ്രൊഫ. അരുൺ (അധ്യാപകൻ, പനാഷെ അക്കാദമി, ഗോവ), താര (എമരി എയർലൈൻസ്, ഖത്തർ). മരുമകൾ: നിഷ (അധ്യാപിക, ഗോവ)
മലയാളത്തിന് മുതൽക്കൂട്ടായ അതുല്യ കലാസൃഷ്ടികൾ സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു. കലാമൂല്യമുള്ള സിനിമ, കച്ചവട സിനിമ എന്നിങ്ങനെയുള്ള അതിർത്തികൾ പൊളിച്ചെഴുതിയും വ്യവസ്ഥാപിത നായക-–-നായിക സങ്കല്പ്പങ്ങളും കപടസദാചാരവും തിരുത്തിയും ചലച്ചിത്രചരിത്രത്തിൽ ഇടംപിടിച്ചു. സമഗ്ര സംഭാവനയ്ക്ക് 2015ൽ ജെ സി ഡാനിയേൽ പുരസ്കാരം ലഭിച്ചു.
2010ൽ ഡൽഹിയിലായിരിക്കെ ഹൃദയാഘാതമുണ്ടായതോടെ സിനിമാപ്രവർത്തനങ്ങൾക്ക് വിരാമമിട്ടു. 2019 മുതൽ കാക്കനാട്ടെ വയോജനകേന്ദ്രത്തിലാണ്. കടുത്ത കഫക്കെട്ടിനെതുടർന്ന് ഇടപ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കിൽ രണ്ടുമാസം ചികിത്സയിലായിരുന്നു. ഒരു മാസംമുമ്പാണ് തിരികെ വയോജനകേന്ദ്രത്തിലെത്തിയത്. ഏതാനും ആഴ്ചകളായി ആരോഗ്യാവസ്ഥ മോശമായിരുന്നു.
കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്നാണ് ശരിയായ പേര്. 1945 മെയ് 24ന് തിരുവല്ല കുളക്കാട്ടിൽ സാമുവലിന്റെയും അന്നമ്മയുടെയും മകനായി ജനനം. തിരുവല്ല എസ്ഡി സെമിനാരി, ചങ്ങനാശേരി എൻഎസ്എസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1968ൽ സംവിധാനം പഠിക്കാൻ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ. തുടർന്ന് സംവിധായകൻ രാമു കാര്യാട്ടിന്റെ അസോസിയറ്റായി മദിരാശിയിൽ. 1975ൽ ആദ്യചിത്രം സ്വപ്നാടനം. സംവിധാനം ചെയ്ത മിക്കവാറും സിനിമകളുടെ തിരക്കഥയും ജോർജിന്റേതായിരുന്നു. യവനിക, പഞ്ചവടിപ്പാലം, മറ്റൊരാൾ തുടങ്ങിയവ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചു. ആദാമിന്റെ വാരിയെല്ല് മലയാളത്തിലെ എക്കാലത്തെയും മികച്ച സ്ത്രീപക്ഷ സിനിമകളിൽ ഒന്നാണ്. സ്വപ്നാടനത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ–-സംസ്ഥാന അവാർഡുകൾ നേടി. യവനിക, ആദാമിന്റെ വാരിയെല്ല്, ഇരകൾ എന്നിവ സംസ്ഥാന അവാർഡും ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്’ ലണ്ടൻ ചലച്ചിത്രമേളയിൽ അംഗീകാരവും നേടി.
ഏതാനും ടെലിസീരിയലുകളും ദൂരദർശനുവേണ്ടി ഒരു ടെലിഫിലിമും സംവിധാനം ചെയ്തു. മഹാനഗരം (1992) എന്ന സിനിമ നിർമിച്ചു. 2006–-11ൽ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായും പ്രവർത്തിച്ചു.