ന്യൂഡൽഹി
ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായിരുന്ന ബ്രിജ്ഭൂഷൺ സിങ് വനിതാ ഗുസ്തി താരങ്ങളെ തരം കിട്ടുമ്പോഴെല്ലാം ലൈംഗികമായി ഉപദ്രവിക്കുമായിരുന്നുവെന്ന് ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്ന അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഹർജീത് സിങ് ജസ്പാൽ മുമ്പാകെ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്താണ് ചെയ്യുന്നതെന്ന കൃത്യമായ ബോധ്യം ബ്രിജ്ഭൂഷണിനുണ്ടായിരുന്നു. ബ്രിജ്ഭൂഷണിനെതിരായി കുറ്റം ചുമത്താൻ മൂന്ന് തരത്തിലുള്ള തെളിവുകളുണ്ട്. തജിക്കിസ്ഥാനിൽവച്ച് ഗുസ്തി താരത്തെ മുറിയിലേക്ക് വിളിച്ച് ബലമായി ആലിംഗനം ചെയ്തു. താരം എതിർത്തപ്പോൾ അച്ഛനെ പോലെയാണ് ചെയ്തതെന്ന് പറഞ്ഞു. തജിക്കിസ്ഥാനിൽവച്ച് മറ്റൊരു താരത്തിന്റെ ടീഷർട്ട് ഉയർത്തി വയറിൽ സ്പർശിച്ചു.
ഡൽഹിയിലെ ഗുസ്തി ഫെഡറേഷൻ ഓഫീസിൽ വച്ചും താരങ്ങളെ ഉപദ്രവിച്ചു. വിദേശത്ത് നടന്ന സംഭവങ്ങളിൽ പ്രോസിക്യൂട്ട് ചെയ്യാൻ ക്രിമിനൽ നടപടി ചട്ടം 188 പ്രകാരം അനുമതി വേണമെന്ന വാദത്തിൽ കഴമ്പില്ല. കുറ്റം പൂർണമായും വിദേശത്ത് സംഭവിച്ചതാണെങ്കിൽ മാത്രമേ ഇതിന്റെ ആവശ്യമുള്ളൂ. ഇവിടെ ഡൽഹിയിലും മറ്റിടങ്ങളിലുമായാണ് താരങ്ങൾ ഉപദ്രവിക്കപ്പെട്ടത്. കേസുകളെല്ലാം ഒന്നിച്ച് പരിഗണിച്ച് വിചാരണ നടത്താവുന്നതാണ്–- അതുൽ ശ്രീവാസ്തവ കോടതിയിൽ പറഞ്ഞു. കേസ് ഒക്ടോബർ ഏഴിന് കോടതി വീണ്ടും പരിഗണിക്കും.