കോട്ടയം > എംസി റോഡിൽ ചിങ്ങവനത്തിനടുത്ത് കുറിച്ചി മന്ദിരം കവലയിലെ ‘സുധ ഫൈനാൻസിയേഴ്സി’ൽനിന്ന് ഒന്നേകാൽ കോടി രൂപയുടെ സ്വർണവും എട്ടുലക്ഷം രൂപയും കവർന്നകേസിൽ ഒരാൾ അറസ്റ്റിൽ. പത്തനംതിട്ട കലഞ്ഞൂർ തിടിഗ്രാമം സ്വദേശി അനീഷ് ആന്റണി(25)യാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തുനിന്നാണ് ഇയാളെ പിടികൂടുന്നത്.
പ്രതി കുറ്റം സമ്മതിച്ചതായി ജില്ലാ പൊലീസ് മേധാവി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ കേസിൽ രണ്ട് പ്രതികളുണ്ടെന്നാണ് നിഗമനം. അനീഷ് അറസ്റ്റിലായത് അറിഞ്ഞതിന് പിന്നാലെ കേസിലെ പ്രധാനപ്രതി ഒളിവിൽ പോകുകയായിരുന്നെന്നും ഇയാൾക്കായി കൊല്ലം, പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് മേധാവി പറഞ്ഞു.
സ്ഥാപനത്തിന് അവധിയായിരുന്ന ആഗസ്ത് അഞ്ച്, ആറ് തീയതികളിലായിരുന്നു മോഷണംനടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് താഴും ഗ്രില്ലും തകർത്ത് അകത്തുകയറി ലോക്കർ കട്ടർ ഉപയോഗിച്ച് പൊളിച്ചായിരുന്നു മോഷണം. ശനി വൈകിട്ട് അടച്ച സ്ഥാപനം തുറക്കാൻ തിങ്കൾ രാവിലെ എത്തിയ ജീവനക്കാരിയാണ് പൂട്ടും ഗ്രില്ലും തകർത്തതായി കണ്ടത്. ഇവർ അറിയിച്ചതിനെതുടർന്ന് നടത്തിയ പരിശോധനയിലാണ് കവർച്ചയുടെ വിശദാംശം വ്യക്തമായത്. തിരക്കേറിയ എംസി റോഡിനരികിലെ മൂന്നുനില കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഒന്നേകാൽ കോടിയുടെ സ്വണവും എട്ടു ലക്ഷം രൂപയുമായിരുന്നു കവർന്നത്.