ന്യൂഡൽഹി
ഭരണഘടനാ നിർമാണസഭയുടെ രൂപീകരണം തൊട്ട് കഴിഞ്ഞ 75 വർഷത്തെ പാർലമെന്റിന്റെ ചരിത്രത്തെക്കുറിച്ചുള്ള പ്രത്യേക ചർച്ചയോടെ പഴയ പാർലമെന്റ് മന്ദിരത്തിലെ ലോക്സഭാ–- രാജ്യസഭാ നടപടികൾക്ക് തിങ്കളാഴ്ച അവസാനമായി. ഇരുസഭകളുടെയും നേട്ടങ്ങളും അനുഭവങ്ങളും ഓർമകളും പാഠങ്ങളുമെല്ലാം എംപിമാരുടെ ചർച്ചകളിൽ നിറഞ്ഞുനിന്നു. പുതിയ പാർലമെന്റിലേക്ക് മാറുകയാണെങ്കിലും പഴയ പാർലമെന്റ് വരും തലമുറകൾക്കും പ്രചോദനമായി നിലകൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തിൽ വനിതാ എംപിമാരുടെ സംഭാവനകളെ പ്രത്യേകമായി പ്രകീർത്തിച്ചത് വനിതാസംവരണ ബിൽ സർക്കാർ കൊണ്ടുവരുന്നതിന്റെ സൂചനയായി ഒരു വിഭാഗം മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. കഴിഞ്ഞ ദിവസം സർവ്വകക്ഷി യോഗത്തിൽ ചില ഭരണമുന്നണി പാർടികളടക്കം വനിതാ സംവരണബിൽ കൊണ്ടുവരണമെന്ന ആവശ്യമുന്നയിച്ചിരുന്നു.
7500 ഓളം എംപിമാർ ഇരുസഭകളിലുമായി ഇതുവരെയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇതിൽ അറുന്നൂറോളം വനിതാ അംഗങ്ങളാണ്. ഇന്ദ്രജിത്ത് ഗുപ്ത 43 വർഷം എംപിയായിരുന്നു. പുതിയ മന്ദിരത്തിലേക്ക് മാറുന്നത് കൊണ്ട് പുതിയതായി ഒന്നും സംഭവിക്കാനില്ലെന്ന് രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. പ്രധാനമന്ത്രി പാർലമെന്റിനെ ഗൗരവത്തിൽ എടുക്കുന്നില്ല. വാജ്പേയ് പ്രധാനമന്ത്രിയായിരുന്നപ്പോൾ 21 വട്ടം സഭയിൽ വിവിധ വിഷയങ്ങളിൽ പ്രസ്താവന നടത്തി. മൻമോഹൻ സിങ് 30 വട്ടം പ്രസ്താവന നടത്തി. മോദി ആകെ രണ്ട് വട്ടമാണ് പാർലമെന്റിൽ പ്രസ്താവനയ്ക്ക് തയ്യാറായത്–- ഖാർഗെ ഓര്‍മിപ്പിച്ചു.