ന്യൂഡൽഹി
ഗണേഷ ചതുർഥി ദിവസമായ ചൊവ്വാഴ്ച പുതിയ മന്ദിരത്തിൽ പാർലമെന്റ് ചേരും. ലോക്സഭാ നടപടികൾ പകൽ 1.15ന് തുടങ്ങും. രാജ്യസഭാ നടപടികൾ 2.15ന് ആരംഭിക്കും. പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രത്തെക്കുറിച്ചുള്ള പ്രത്യേക ചർച്ചയോടെ പഴയ മന്ദിരത്തിലെ ലോക്സഭാ–- രാജ്യസഭാ നടപടികൾ തിങ്കളാഴ്ച അവസാനിച്ചു. ചൊവ്വാഴ്ച പകൽ ഒൻപതിന് എത്താനാണ് എംപിമാർക്ക് നിർദ്ദേശം. 9.30ഓടെ എംപിമാരുടെ ഗ്രൂപ്പ് ഫോട്ടോ സെഷനിലേക്ക് കടക്കും. 11ന് പഴയ പാർലമെന്റ് മന്ദിരത്തിന്റെ സെൻട്രൽ ഹാളിൽ ലോക്സഭാ–- രാജ്യസഭാ എംപിമാർ പങ്കെടുത്തുള്ള പ്രത്യേക ചടങ്ങുണ്ടാകും.
രാജ്യസഭാധ്യക്ഷൻകൂടിയായ ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ, രാജ്യസഭാ നേതാവ്, പാർലമെന്ററിമന്ത്രി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്, ലോക്സഭയിലെ വലിയ പാർടിയുടെ നേതാവ് എന്നിവർ പങ്കെടുക്കുമെന്ന് പാർലമെന്ററി മന്ത്രി പ്രഹ്ലാദ് ജോഷി മാധ്യമങ്ങളോട് പറഞ്ഞു. 12.30ന് എംപിമാർ പുതിയ പാർലമെന്റിലേക്ക് പ്രവേശിക്കും. പുതിയ പാർലമെന്റിലേക്ക് മാറുന്നതിനുമുമ്പായി പൂജയുണ്ടാകുമോയെന്ന് സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം കാവിധാരികളായ സന്യാസിമാരെ അണിനിരത്തിയും ഹോമവും പൂജയും നടത്തിയും പൂർണമായും ഹൈന്ദവാചാരങ്ങൾ പ്രകാരമായിരുന്നു. ചൊവ്വാഴ്ച ഗണേഷ ചതുർഥി ദിവസത്തിൽ പുതിയ പാർലമെന്റിലേക്ക് മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാവിലെ പാർലമെന്റിൽ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
ഭഗവാൻ ഗണേശൻ വിഘ്നങ്ങളെ ഹനിക്കുന്നയാളാണ്. ഇന്ത്യ ഒരു വികസിത രാജ്യമായി മാറുന്നതിൽ ഇനി തടസ്സങ്ങളുണ്ടാകില്ല. പ്രത്യേക സമ്മേളനത്തിൽ ചരിത്രപരമായ തീരുമാനങ്ങളുണ്ടാകും. 2047ൽ വികസിത രാജ്യമായി മാറുന്നതിനുള്ള എല്ലാ തീരുമാനങ്ങളും എടുക്കുന്നത് പുതിയ പാർലമെന്റ് മന്ദിരത്തിലാകും–- മോദി പറഞ്ഞു.