ശ്രീനഗർ
ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ചൊവ്വ രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ 100 മണിക്കൂർ പിന്നിടുമ്പോഴും ഭീകരരെ സുരക്ഷാസേന വധിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വനത്തിന് നടുവിലെ ഭീകരരുടെ ഒളിത്താവളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് സൈനിക ഉദ്യോഗസ്ഥരും പൊലീസ് ഓഫീസറും കൊല്ലപ്പെട്ടിരുന്നു.
ശനി വൈകിട്ടോടെ പെയ്ത കനത്തമഴ സൈന്യത്തിന്റെ മുന്നേറ്റത്തെ സാരമായി ബാധിച്ചതായാണ് റിപ്പോർട്ട്. ഇടതൂർന്ന വനവും ഗുഹകളുമുള്ള മേഖലയിലുള്ള സൈനിക നടപടി കനത്ത വെല്ലുവിളിയാണ്. സൈന്യം കനത്ത ഷെല്ലാക്രമണം നടത്തിയതോടെ ഭീകരർ ഒളിച്ചിരുന്ന വനമേഖലയിൽ തീ പടർന്നെങ്കിലും കനത്ത മഴയിൽ തീയണഞ്ഞതായാണ് റിപ്പോർട്ട്. മികച്ച പരിശീലനം ലഭിച്ച ഭീകരർ കാട്ടിലും ഉയർന്ന മേഖലയിലുമുള്ള യുദ്ധത്തിൽ വിദഗ്ധരാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. സൈന്യത്തോടൊപ്പം സിആർപിഎഫും കശ്മീർ പൊലീസും മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കർ ബന്ധമുള്ള റസിസ്റ്റൻഡ് ഫ്രണ്ട് ഏറ്റെടുത്തിട്ടുണ്ട്.