വൂൾഫ്സ്ബർഗ്
ഒടുവിൽ ജർമൻ ഫുട്ബോൾ ടീമിന് സ്വന്തം കാണികളിൽനിന്ന് കൂക്കുവിളി. യൂറോ കപ്പിന് ഒമ്പതുമാസംമാത്രം ബാക്കിനിൽക്കെ ആതിഥേയർ ഒരിക്കൽക്കൂടി കനത്ത തോൽവി വഴങ്ങി. ഇക്കുറി ജപ്പാൻ 4–-1നാണ് തകർത്തുവിട്ടത്. ഇതോടെ പരിശീലകൻ ഹാൻസി ഫ്ലിക്കിനെ ജർമനി പുറത്താക്കി.
കഴിഞ്ഞ ലോകകപ്പിൽ ജപ്പാനോട് 2–-1ന് തോറ്റ ജർമനിക്ക് ഗ്രൂപ്പ് ഘട്ടം കടക്കാൻ കഴിഞ്ഞിരുന്നില്ല. ലോകകപ്പിനുശേഷം കളിച്ച ആറ് കളിയിൽ ഒരെണ്ണംമാത്രമാണ് ജയിക്കാനായത്. നാലെണ്ണത്തിൽ തോറ്റു. അവസാന മൂന്ന് കളിയിലും തോൽവി. അവസാന അഞ്ച് കളിയിൽ 13 ഗോളാണ് വഴങ്ങിയത്. ലോകകപ്പ് ആവേശം വിടാതെ പന്ത് തട്ടിയ ജപ്പാൻ താരങ്ങൾ ജർമൻ പ്രതിരോധത്തെ കശക്കിയെറിഞ്ഞു. ഇകായ് ഗുൺഡോവനും ലിറോയ് സാനെയും അന്റോണിയോ റൂഡിഗറും ജോഷ്വാ കിമ്മിച്ചും ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾ നിഷ്പ്രഭരായി.
ജുന്യ ഇറ്റോ, അയാസെ ഉയേദ, താകുമോ അസാനോ, അയോ ടനാക എന്നിവരാണ് ജപ്പാനായി ഗോളടിച്ചത്. സാനെ ജർമനിയുടെ ആശ്വാസഗോളടിച്ചു.
ജർമനിക്ക് നാളെ ഫ്രാൻസുമായാണ് അടുത്ത സൗഹൃദമത്സരം. റൂഡി വോളറായിരിക്കും ഇടക്കാല പരിശീലകൻ.