ന്യൂയോർക്ക്
കൗമാരത്തുടിപ്പിൽ യുഎസ് ഓപ്പൺ. വനിതകളുടെ സിംഗിൾസ് ടെന്നീസ് കിരീടം പത്തൊമ്പതുകാരി കൊകൊ ഗഫിന്. ഫൈനലിൽ ബെലാറസിന്റെ അരിന സബലേങ്കയെ 2–-6, 6–-3, 6–-2ന് തോൽപ്പിച്ചു. അമേരിക്കക്കാരിയുടെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടമാണ്. ജയത്തോടെ ലോക റാങ്ക് ആറിൽനിന്ന് മൂന്നാകും. ആർതർ ആഷെ സ്റ്റേഡിയത്തിൽ നിറഞ്ഞ 28,142 കാണികളെ പ്രകമ്പനംകൊള്ളിച്ചാണ് ഗഫിന്റെ മുന്നേറ്റം. ആദ്യ സെറ്റിൽ തുടരെ പിഴവുകൾ വരുത്തിയ ഗഫ് അടുത്ത രണ്ട് സെറ്റിലും പക്വതയാർന്ന കളിയാണ് കെട്ടഴിച്ചത്. ഒട്ടും പരിഭ്രമമില്ലാതെ, ആത്മവിശ്വാസത്തോടെ ആദ്യ കിരീടത്തിലേക്ക് ചുവടുവച്ചു. 1999ൽ പതിനേഴാംവയസ്സിൽ സെറീന വില്യംസ് യുഎസ് ഓപ്പൺ നേടിയശേഷമൊരു കൗമാരക്കാരിയുടെ കിരീടനേട്ടമാണിത്.
ആദ്യ സെറ്റിന്റെ തുടക്കം ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ, പിഴവുകൾ ഗഫിനെ ചതിച്ചു. സബലേങ്ക 3–-2ലേക്കും 4–-2ലേക്കും കുതിച്ചു. ഇരട്ടപ്പിഴവുകൾ വന്നതോടെ ഗഫ് സെറ്റ് കൈവിട്ടു. രണ്ടാംസെറ്റിൽ രൂപവും ഭാവവും മാറിയ ഗഫായിരുന്നു. പരിചയസമ്പന്നയെപ്പോലെ കരുത്തുറ്റ ഷോട്ടുകളും റിട്ടേണുകളും നിറഞ്ഞു. തുടക്കത്തിൽ നേടിയ 2–-1 ലീഡ് തുടരാനായി. അത് 4–-1ലേക്കും 5–-2ലേക്കും മാറിയതോടെ സബലേങ്ക കളി വിട്ടു. മൂന്നാംസെറ്റിൽ ഗഫ് മാത്രമായിരുന്നു കളത്തിൽ. സബലേങ്ക പറ്റെ മങ്ങിപ്പോയി. ഗഫ് 4–-0 ലീഡ് നേടിയതോടെ ഒന്നും ചെയ്യാനില്ലായിരുന്നു. രണ്ട് മണിക്കൂറിലും ആറ് മിനിറ്റിലും പുതിയ ചാമ്പ്യൻ പിറന്നു.
ഈ സീസണിൽ ഓസ്ട്രേലിയൻ ഓപ്പണിൽ നാലാംറൗണ്ടിലെത്തി. വിംബിൾഡണിൽ ആദ്യ റൗണ്ടിൽ പുറത്തായി. ഫ്രഞ്ച് ഓപ്പണിൽ ക്വാർട്ടറിലെത്തി. പതിനഞ്ചാംവയസ്സിൽ വിംബിൾഡൺ കളിച്ച് ഞെട്ടിച്ച ചരിത്രമുണ്ട് ഗഫിന്. 1999ൽ വിംബിൾഡണിൽ യോഗ്യതാറൗണ്ട് കളിച്ചെത്തിയ പ്രായംകുറഞ്ഞ കളിക്കാരിയായി. ആദ്യ റൗണ്ടിൽ വീനസ് വില്യംസിനെ കീഴടക്കി വരാനുള്ള കൊടുങ്കാറ്റിന്റെ സൂചന നൽകി. നാലാംറൗണ്ടുവരെ മുന്നേറിയശേഷമാണ് പിൻവാങ്ങിയത്.