തൃശൂർ
ലോകത്ത് തനത് ജൈവസമ്പത്തിന് വിനാശകരമായ 10 അധിനിവേശ സസ്യങ്ങളിൽ ഏഴെണ്ണം ഇന്ത്യയിൽ. അതിൽ അഞ്ചെണ്ണവും കേരളത്തിലാണ്. നശീകരണശേഷിയുള്ള നാല് ജീവികളും സംസ്ഥാനത്ത് വ്യാപകമെന്നാണ് പഠനം. കൃഷിയിടങ്ങൾക്കും വനമേഖലയ്ക്കും നാശം വിതയ്ക്കുന്ന ഐലാന്തസ് അൾട്ടിസിമ, റൊബീനിയ, ഇപ്പിൾ ഇപ്പിൾ, കുളവാഴ, കൊങ്ങിണിച്ചെടി, കാട്ടാവണക്ക്, കമ്യൂണിസ്റ്റ് പച്ച തുടങ്ങിയവയാണ് രാജ്യത്ത് വ്യാപകമാകുന്ന അധിനിവേശ ഇനങ്ങൾ. ഇതിൽ ഐലാന്തസ്, റൊബീനിയ ഒഴികെ കേരളത്തിൽ വ്യാപകമാണ്. കുളവാഴയാണ് അപകടകാരി.
പഴയീച്ച, ഭീമൻ ആഫ്രിക്കൻ ഒച്ചുകൾ, കോമൺ കാർപ്പ് മീൻ, കസവ മീലിമഗ് എന്നീ അധിനിവേശ ജീവികളും വ്യാപകമാണ്. ഇവയുടെ വ്യാപനം സമ്പദ്വ്യവസ്ഥ, ഭക്ഷ്യസുരക്ഷ, മനുഷ്യന്റെ ആരോഗ്യം എന്നിവയ്ക്ക് വലിയ ഭീഷണിയാണ്.
കേരള വന ഗവേഷണ കേന്ദ്രം ഡയറക്ടറായിരുന്ന ഡോ. കെ വി ശങ്കരൻ ഉൾപ്പെടെ ശാസ്ത്രജ്ഞ സംഘം ഇന്റർ ഗവൺമെന്റൽ സയൻസ്-പോളിസി പ്ലാറ്റ്ഫോം ഓൺ ബയോഡൈവേഴ്സിറ്റി ആൻഡ് ഇക്കോസിസ്റ്റം സർവീസസിനു (ഐപിബിഇഎസ്)വേണ്ടി നടത്തിയ ആഗോള പഠനത്തിലാണ് കണ്ടെത്തൽ. ജർമനിയിലെ ബോണിൽ നടന്ന ഐപിബിഇഎസ് പത്താമത് പ്ലീനറിയിൽ ശാസ്ത്രജ്ഞർ റിപ്പോർട്ട് സമർപ്പിച്ചു. രാജ്യത്തെ അധിനിവേശ ജീവികളെ കൈകാര്യം ചെയ്യുന്നതിനായി ദേശീയ നയം വികസിപ്പിച്ചെടുക്കണമെന്ന് ഡോ. കെ വി ശങ്കരൻ പറഞ്ഞു. ഈ മേഖലയിൽ കൂടുതൽ ഗവേഷണവും ആവശ്യമാണ്. അധിനിവേശം തടയാൻ നമ്മുടെ ജൈവ സുരക്ഷാ സംവിധാനങ്ങൾ പരിഷ്കരിക്കുകയും സൂക്ഷ്മമായി നടപ്പാക്കുകയും വേണം. കടൽ–- വിമാന മാർഗമെത്തുന്ന യാത്രക്കാരെയും ചരക്കുകളും പരിശോധിക്കണമെന്നും സ്വകാര്യ കൃഷി, ബിസിനസ് മേഖലകളിലും അധിനിവേശ ജീവജാലങ്ങളുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകണമെന്നും റിപ്പോർട്ടിലുണ്ട്.
2050 ഓടെ
36 ശതമാനം വർധിക്കും
ആഗോള സമ്പദ്വ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാപരമായ മാറ്റങ്ങൾ എന്നിവയുടെ ഫലമായി 2050-ഓടെ അധിനിവേശ ജീവജാലങ്ങളുടെ എണ്ണം 36 ശതമാനം വർധിക്കുമെന്നാണ് റിപ്പോർട്ട്. 2019 ലെ കണക്കു പ്രകാരം ലോകത്ത് അധിനിവേശ ജീവജാലങ്ങൾ മൂലമുണ്ടാകുന്ന വാർഷിക നഷ്ടം 423 ബില്യൺ ഡോളറാണ്. ഇത് ഓരോ ദശകത്തിലും നാലിരട്ടിയായി വർധിക്കും.