ന്യൂഡൽഹി
മണിപ്പുരിൽ കലാപം തടയാൻ വിന്യസിച്ച കേന്ദ്രസേനകളെ വീണ്ടും നിശിതമായി വിമർശിച്ച് സംസ്ഥാന ബിജെപി സർക്കാർ. കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായ കാക്ചിങ് ജില്ലയിലെ പല്ലേലിൽ കേന്ദ്രസേനകൾ അമിത ഇടപെടൽ നടത്തിയെന്നാണ് വിമർശനം. മുഖ്യമന്ത്രി എൻ ബിരേൻ സിങിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭായോഗം കേന്ദ്രസേനകളുടെ ഇടപെടലിനെ അപലപിച്ചു. കേന്ദ്രസേനകളുടെ ഹിതകരമല്ലാത്ത നടപടികൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
പല്ലേലിൽ വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. കേന്ദ്രസേനകൾ കുക്കി വിഭാഗത്തെ സഹായിക്കുന്നുവെന്ന ആക്ഷേപം മെയ്ത്തീ സംഘടനകൾ ഉയർത്തിയിരുന്നു. ഇതേ നിലപാടാണ് മന്ത്രിസഭാ യോഗതീരുമാനത്തിലൂടെ സംസ്ഥാന ബിജെപി സർക്കാരും സ്വീകരിച്ചിരിക്കുന്നത്. കേന്ദ്രസേനയായ അസം റൈഫിൾസിനെ മണിപ്പുരിൽനിന്ന് പിൻവലിക്കണമെന്ന ആവശ്യം ബിജെപി സംസ്ഥാന ഘടകം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
സംഘർഷമേഖലകളെ അസ്വസ്ഥ പ്രദേശങ്ങളായി പരിഗണിക്കുന്നത് ആറുമാസത്തേക്ക് കൂടി നീട്ടാനും മന്ത്രിസഭായോഗം തീരുമാനിച്ചു. അസ്വസ്ഥ പ്രദേശങ്ങളായി പ്രഖ്യാപിക്കുന്ന ഇടങ്ങളിൽ സായുധസേനാ പ്രത്യേകാധികാര നിയമമായിരിക്കും (അഫ്സ) പ്രാബല്യത്തിൽ.