ന്യൂഡൽഹി
ചെലവുചുരുക്കൽ, വികസനത്തിനുള്ള തടസ്സമൊഴിവാക്കൽ വാദങ്ങളുയർത്തി ബിജെപി മുന്നോട്ടുവച്ച ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിന്’ ചെലവഴിക്കേണ്ടത് ഭീമമായ തുക. 2015ൽ പാർലമെന്റിന്റെ നിയമ, പേഴ്സണൽ സ്റ്റാൻഡിങ് കമ്മിറ്റി സമർപ്പിച്ച കണക്കുപ്രകാരം ലോക്സഭ, നിയമസഭ എന്നിവിടങ്ങളിലേക്ക് ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താൻ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്ക്ക് (ഇവിഎം) മാത്രം 9284.15 കോടി രൂപ വേണ്ടിവരും. 2014–- 2019വരെ തെരഞ്ഞെടുപ്പിന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയത് 5814.29 കോടിരൂപ മാത്രമായിരുന്നു.
ഇവിഎം, വോട്ടർ വെരിഫയബിൾ പേപ്പർ, ഓഡിറ്റ് ട്രയൽ മെഷീൻ തുടങ്ങിയവ വൻതോതിൽ വാങ്ങേണ്ടി വരുമെന്നും പതിനഞ്ചുവർഷം കാലാവധിയുള്ള ഇവിഎമ്മുകൾ മൂന്നുതവണമാത്രം ഉപയോഗിക്കുന്നത് ചെലവ് ഉയർത്തുമെന്നും റിപ്പോർട്ടിലുണ്ട്. മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഒ പി റാവത്തും ഇത് ശരിവയ്ക്കുന്നു.
2015ൽ വിഷയം പഠിക്കാൻ തെരഞ്ഞെടുപ്പ് കമീഷനോട് കേന്ദ്രം ആവശ്യപ്പെട്ടപ്പോൾ അതിൽ അംഗമായിരുന്നു റാവത്ത്. കുറഞ്ഞത് മുപ്പതു ലക്ഷം ഇവിഎമ്മുകളും വിവിപാറ്റുകളും വേണം. ഭരണഘടനാ, ജനപ്രാതിനിധ്യ നിയമഭേദഗതി വേണ്ടിവരും. നിലവിൽ ലോകത്തുള്ളതിൽ ചെലവ് കുറഞ്ഞ തെരഞ്ഞെടുപ്പാണ് ഇന്ത്യയിൽ. ഒരു വോട്ടിന് ഒരു ഡോളർ മാത്രമാണിത്–- റാവത്ത് ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ നാലുമാസമെങ്കിലും വേണ്ടിവരുമെന്ന് മറ്റൊരു മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായ ടി എസ് കൃഷ്ണമൂർത്തിയും പറഞ്ഞു. അടുത്തവർഷം നടത്തുക അതികഠിനമാണെന്ന് ഇവിഎമ്മുകളുടെ സാങ്കേതികസമിതി അംഗം പ്രൊഫ. രജത് മൂനയും വ്യക്തമാക്കി. 6-–-7 ലക്ഷം ഇവിഎമ്മുകൾ നിർമിക്കാൻ ഒരു വർഷമെങ്കിലും വേണമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച്വരെ കമീഷന്റെ പക്കലുള്ളത് 13.06 ലക്ഷം കൺട്രോൾ യൂണിറ്റും (സിയു) 17.77 ലക്ഷം ബാലറ്റും മാത്രമാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി പാർലമെന്റിൽ പറഞ്ഞിരുന്നു.
കേന്ദ്രസേനയെ രാജ്യത്തെമ്പാടും ഒരേസമയം നിയോഗിക്കുന്നത് സുരക്ഷാപ്രശ്നങ്ങൾക്ക് വഴിവയ്ക്കുമോയെന്ന ആശങ്കയുമുണ്ട്. എന്നാൽ, മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ നിലപാട് വ്യക്തമാക്കിയിട്ടില്ല.