തൃപ്പൂണിത്തുറ
സത്യന്റെ പകരക്കാരൻ എന്ന വിശേഷണമുള്ള, രാജനഗരിയുടെ സൂപ്പർസ്റ്റാറായിരുന്നു വർഗീസ് കാട്ടിപ്പറമ്പൻ. അഭിനയകലയിൽ തനതായ പ്രകടനംകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ കാട്ടിപ്പറമ്പൻ സ്കൂൾ പഠനകാലത്തുതന്നെ നാടകത്തിൽ അതീവ തൽപ്പരനായിരുന്നു. 1954ൽ നവോദയ കലാസമിതിയുടെ “നശിക്കാത്ത ഭൂമി’ നാടകത്തിലൂടെയാണ് പ്രൊഫഷണൽ നാടകവേദിയിൽ അരങ്ങേറ്റംകുറിച്ചത്. കേരളത്തിലെ അറിയപ്പെടുന്ന പ്രൊഫഷണൽ നാടകസംഘങ്ങളിൽ പ്രവർത്തിച്ച കാട്ടിപ്പറമ്പൻ ‘സ്റ്റേജിലെ സത്യൻ’ എന്നാണ് അറിയപ്പെട്ടത്.
1971ൽ സത്യന്റെ മരണശേഷമാണ് സിനിമയിൽ പ്രവേശിക്കുന്നത്. പ്രസാദ് എന്ന പേരിൽ സിനിമയിൽ അറിയപ്പെട്ട കാട്ടിപ്പറമ്പൻ “അനാഥശിൽപ്പങ്ങൾ’ എന്ന ആദ്യസിനിമയിൽ നായകനായാണ് തുടങ്ങിയത്. രണ്ടാമത്തെ ചിത്രമായ “സുമംഗലി’യിൽ ഷീലയുടെയും “ലക്ഷ്യം’ സിനിമയിൽ ജയഭാരതിയുടെയും നായകനായി. തുടർന്ന് ചില ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് തടസ്സപ്പെട്ട് തിരിച്ച് നാട്ടിലെത്തി. വീണ്ടും നാടകങ്ങളിൽ സജീവമായി. സിനിമയിലെ ചില രീതികളോട് പൊരുത്തപ്പെടാൻ സാധിക്കാതെ വെള്ളിത്തിരയിൽനിന്ന് വർഗീസ് കാട്ടിപ്പറമ്പൻ പിന്മാറി. ഇത്തിരിനേരം ഒത്തിരി കാര്യം, ദ്വീപ്, ശാപമോക്ഷം എന്നീ സിനിമകളിൽ ഇടക്കാലത്ത് അഭിനയിച്ചു. തലമുറകൾ എന്ന മെഗാ സീരിയലിലും വേഷമിട്ടിട്ടുണ്ട്.