മുംബൈ
ലോക്-സഭാ തെരഞ്ഞെടുപ്പിൽ സാധ്യമായിടത്തെല്ലാം ‘ഇന്ത്യ’ മുന്നണിയിലെ പാർടികൾ സഖ്യമുണ്ടാക്കും. സഖ്യചർച്ചയും സീറ്റ് പങ്കിടലും സംസ്ഥാന സാഹചര്യമനുസരിച്ച് വേഗത്തിലാക്കുമെന്ന് മുന്നണിയുടെ മൂന്നാം യോഗത്തിനുശേഷം നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘ഭാരതത്തെ ഒന്നിപ്പിക്കും; ഇന്ത്യ ജയിക്കും’ എന്ന മുദ്രാവാക്യമുയർത്തി രാജ്യമാകെ പ്രചാരണത്തിന് തുടക്കംകുറിക്കും. ദേശീയപ്രാധാന്യമുള്ള വിഷയങ്ങൾ ഉയർത്തി വിവിധ ഭാഗങ്ങളിൽ ഇന്ത്യാ റാലികൾ സംഘടിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ അഴിമതി, വർഗീയത, സാമ്പത്തിക–-കാർഷിക പ്രശ്നങ്ങൾ തുടങ്ങിയവ ഉയർത്തിക്കാട്ടും. പ്രവർത്തനങ്ങൾക്കായി ഏകോപന സമിതിയടക്കം അഞ്ചു സമിതികളെ നിയോഗിച്ചതായും നേതാക്കൾ അറിയിച്ചു. സീതാറാം യെച്ചൂരി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ശരദ് പവാർ, നിതീഷ് കുമാർ, ലാലു പ്രസാദ് യാദവ്, അരവിന്ദ് കേജ്രിവാൾ, എം കെ സ്റ്റാലിൻ, ഉദ്ധവ് താക്കറെ എന്നിവർ സംസാരിച്ചു.
കൺവീനർ ഇപ്പോഴില്ല
മുന്നണിയുടെ കൺവീനർ, ചെയർപേഴ്സൺ സ്ഥാനങ്ങൾ ഉടൻ പ്രഖ്യാപിക്കില്ല. ഉയർന്നുവരുന്ന പേരുകൾ ‘ഇന്ത്യ’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്ന വ്യാഖ്യാനം ഒഴിവാക്കാനാണിത്. പൊതുമിനിമം പരിപാടി തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാക്കുന്നതിൽ ഇടതുപാർടികൾ വിയോജിച്ചു. ലോഗോ പ്രകാശനവും ഒഴിവാക്കി. കൂടുതൽ അർഥവത്തായ ലോഗോ ജനങ്ങളിൽനിന്ന് ക്ഷണിക്കും.
14 അംഗ ഏകോപനസമിതി
ഇന്ത്യാ മുന്നണിയുടെ പ്രവർത്തനങ്ങൾക്ക് 14 അംഗ ഏകോപന സമിതിയായി. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ശരദ് പവാർ, കെ സി വേണുഗോപാൽ, ടി ആർ ബാലു, അഭിഷേക് ബാനർജി, സഞ്ജയ് റാവത്ത്, തേജസ്വി യാദവ്, ലല്ലൻ സിങ്, രാഘവ് ചന്ദ, ഹേമന്ത് സോറൻ, ജാദവ് അലി ഖാൻ, ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരാണ് അംഗങ്ങൾ. സിപിഐ എം പ്രതിനിധിയെ ചർച്ചചെയ്ത് പിന്നീട് നിർദ്ദേശിക്കുമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.