തിരുവനന്തപുരം
കേരളത്തിന്റെ വൻകിട അടിസ്ഥാന സൗകര്യ പദ്ധതികൾ അതിവേഗം മുന്നോട്ട്. 32 അഭിമാന പദ്ധതിയുടെ സമയബന്ധിത പൂർത്തീകരണമാണ് സർക്കാർ ഉറപ്പാക്കുന്നത്. കണ്ണൂർ കല്യാടിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ജനുവരിയിൽ ആരംഭിക്കും. 100 കിടക്കയുള്ള ഗവേഷണ ആശുപത്രി, മാനുസ്ക്രിപ്റ്റ് സ്റ്റഡി സെന്റർ എന്നിവയുടെ നിർമാണം തുടങ്ങി. കൊച്ചി–- ബംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രവർത്തനങ്ങളും മുന്നേറുന്നു.
28 ലക്ഷംമുതൽ ഒരുകോടിവരെ ഉപഭോക്താക്കൾക്ക് പിഎൻജി, സിഎൻജി, വ്യാവസായിക, വാണിജ്യ, ഗാർഹിക ഗ്യാസ് ലഭ്യമാക്കുക ലക്ഷ്യമിട്ട സിറ്റി ഗ്യാസ് പദ്ധതിയും മുന്നേറുകയാണ്. 10,000 കോടിയുടെ ട്രാൻസ്ഗ്രിഡ് 2.0–-ൽ വൈദ്യുതി പ്രസരണ ശൃംഖലയുടെ വികസന, നവീകരണ പ്രവർത്തനങ്ങളുടെ 99 ശതമാനവും 2025ൽ പൂർത്തിയാകും. ദേശീയപാതയ്ക്ക് സമാന്തര ഐടി ഇടനാഴിയിൽ ഐടി പാർക്കുകൾ സ്ഥാപിക്കാൻ കെഎസ്ഐടിഐഎല്ലിന്റെ നേതൃത്വത്തിൽ അഞ്ചു മേഖലയിൽ സ്ഥലം ഏറ്റെടുക്കുന്നു. ഡിജിറ്റൽ സർവകലാശാല ക്യാമ്പസിൽ ഡിജിറ്റൽ സയൻസ് പാർക്ക് നിർമാണം മൂന്നുവർഷത്തിനുള്ളിൽ പൂർത്തിയാകും.
പരമ്പരാഗത തെരുവുവിളക്കുകൾ എൽഇഡിയാക്കുന്ന നിലാവ് പദ്ധതി കെഎസ്ഇബിവഴി നടപ്പാക്കുന്നു. വേസ്റ്റ് ടു എനർജി പ്ലാന്റ്സ് പദ്ധതി ആദ്യഘട്ടത്തിൽ കോഴിക്കോട്ടും പാലക്കാട്ടും തുടങ്ങുകയാണ്. കെ ഫോൺ ഇന്റനെറ്റ് അയ്യായിരത്തോളം കുടുംബങ്ങളിലെത്തി. വാണിജ്യാടിസ്ഥാനത്തിലെ കണക്ഷനും ആരംഭിക്കുന്നു. കൊച്ചി, കണയന്നൂർ താലൂക്കുകളിലായി 246 ഏക്കറിൽ സ്മാർട്ട് സിറ്റി (കൊച്ചി) വിജ്ഞാനാധിഷ്ഠിത വിവരസാങ്കേതിക ടൗൺഷിപ്പ് വികസിപ്പിച്ചുവരുന്നു. 186 കോടിയുടെ ആക്കുളം തടാക പുനരുജ്ജീവന പദ്ധതി ടെൻഡർ നടപടി പൂർത്തിയാകുന്നു.
291 സ്മാർട്ട് അങ്കണവാടികൾ നിർമാണം തുടങ്ങുകയാണ്. 30 ആധുനിക വഴിയോര വിശ്രമകേന്ദ്രങ്ങളും ഒരുങ്ങും. ജലജീവൻ പദ്ധതിയിൽ 35,49,864 കുടുംബത്തിന് (52 ശതമാനം) കുടിവെള്ള കണക്ഷൻ നൽകി.
വിപുല ഗതാഗത സൗകര്യം
മലയോര ഹൈവേയുടെ 33 ശതമാനം പ്രവൃത്തി പൂർത്തിയായി. 2025 ഡിസംബറിൽ പൂർത്തീകരിക്കും. തീരദേശ ഹൈവേ 2027 ഏപ്രിലിൽ പൂർത്തിയാകും. 3411 കോടിയിൽ ശബരി വിമാനത്താവള പദ്ധതിക്ക് കേന്ദ്രാനുമതിക്കായി നവംബറിൽ അപേക്ഷ നൽകും.
കൊച്ചി സംയോജിത നഗര പുനരുജ്ജീവന ജലഗതാഗത സംവിധാന പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കൊച്ചി മെട്രോ റെയിൽ പദ്ധതി ഒന്നാംഘട്ടത്തിലെ ഉപഘടകമായ 448 കോടിയുടെ പ്രവൃത്തികളിൽ 65 ശതമാനം പൂർത്തിയായി. 1957 കോടിയുടെ രണ്ടാംഘട്ടം 2025 ആഗസ്തിൽ പൂർത്തിയാകും. 85 ശതമാനം ഭൂമി ഏറ്റെടുത്തു. 1136 കോടിയുടെ കൊച്ചി ജലമെട്രോയുടെ 45 ശതമാനം നിർമാണജോലികൾ കഴിഞ്ഞു. 79 കിലോമീറ്ററിൽ തിരുവനന്തപുരം ഔട്ടർ റിങ് റോഡിന് ദേശീയപാതാ അതോറിറ്റി അനുമതിയായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം 85 ശതമാനം പൂർത്തിയായി. അഴീക്കൽ തുറമുഖ വികസന പദ്ധതി അടങ്കൽ 5047 കോടിയാണ്.